
വെള്ളരിക്കുണ്ട്: മഴയെടുത്ത വീട്ടിൽ മാറിയുടുക്കാൻ തുണി പോലുമില്ലാതെ മൂന്ന് സ്ക്കൂൾ വിദ്യാർത്ഥികൾ അടക്കം ആദിവാസി മൂപ്പന്റെ കുടുംബം ദുരിതത്തില്‍.പട്ടിണിയുടെ വക്കിലെത്തിയ കുടുംബം അന്തിയുറങ്ങുന്നത് ഇപ്പോള്‍ ബന്ധുവീട്ടിലാണ്. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പറമ്പറേ ഷൻകട പട്ടിക വർഗ്ഗ കോളനിയിലെ ഊരുമൂപ്പൻ കുഞ്ഞി കൃഷ്ണനും കുടുംബവുമാണ് മഴയെടുത്ത വീട്ടിൽ ദുരിത ജീവിതം നയിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റിലും മഴയിലുമാണ് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുഞ്ഞികൃഷ്‍ണന്റെ വീട് നിലംപൊത്തിയത്. ഏഴ് അംഗങ്ങൾ താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളുടെയും പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും മഴയിൽ കുതിർന്നു. ചെളിക്കുളമായി മാറിയ മൺ തറ മാത്രം അവശേഷിക്കുന്ന വീട്ടിൽ നിന്നും കുട്ടികൾക്ക് ഇപ്പോൾ സ്‌കൂളിലേക്കും പോകുവാൻ കഴിയുന്നില്ല.
കനത്ത മഴയിൽ വീട് തകർന്നപ്പോൾ തങ്ങളുടെയും മക്കളുടെയും മാറി ഉടുക്കുവാനുള്ള തുണികൾ പോലും ചെളിയിൽ താഴ്ന്നതായി കുഞ്ഞികൃഷ്‌ണൻ പറയുന്നു. കുഞ്ഞിക്കണ്ണന്റെ മൂത്തമകൻ യദു കൃഷ്ണൻ മാലോത്ത് കസബ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാത്ഥിയാണ്. ഇതേ സ്‌കൂളിൽ അഞ്ചാം തരത്തിൽ രണ്ടാമത്തെ മകൾ യമുന കൃഷ്ണയും പഠിക്കുന്നു.
ഇളയമകൾ ദയകൃഷ്ണൻ പറമ്പ ഗവ.എൽ.പി സ്‌കൂളിലെ രണ്ടാംതരം വിദ്യാർത്ഥിനിയാണ്. മൂന്ന് കുട്ടികളും സ്‌കൂളിൽ പോകാതെ ഇപ്പോൾ ഒരാഴ്ചയായി. സ്ഥിരമായി സ്‌കൂളിൽ എത്തുന്ന വിദ്യാർഥികൾ ഒരാഴ്ചയായി ക്ലാസിൽ വരാത്തത് കണ്ടപ്പോൾ അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞികൃഷ്ണന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതകഥപുറം ലോകം അറിയുന്നത്. പറമ്പ റേഷൻ കട കോളനിയിലെ ഊര് മൂപ്പൻ കൂടിയായ കുഞ്ഞികൃഷ്ണന് പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചുട്ടുണ്ടെങ്കിലും ആകെയുള്ള പത്ത് സെന്റ് സ്ഥലം 14 വർഷം മുൻപ് മരണപ്പെട്ട അമ്മയുടെ പേരിലാണ് എന്ന സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങികിടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam