വിളമ്പുന്നത് വിഷം; വെളിച്ചെണ്ണയിലും മായം

By Web DeskFirst Published Dec 22, 2016, 11:55 PM IST
Highlights

കൊച്ചി: സംസ്ഥാനത്തേക്ക് വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ എത്തുന്നു.പാരഫിന്‍ വാക്‌സും പാം കെര്‍ണല്‍ ഓയിലും ചേര്‍ന്ന ദ്രാവകമാണ് വെളിച്ചണ്ണയെന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്. തമിഴ്നാട്ടില്‍ നി‍ര്‍മിക്കുന്ന ഇത്തരം വെളിച്ചെണ്ണകള്‍ പുതിയ പുതിയ പേരുകളില്‍ കേരളത്തില്‍ അവതരിക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

എറണാകുളം മാര്‍ക്കറ്റിലെ വെളിച്ചെണ്ണ മില്ലാണിത്. 85 വ‍‍ര്‍ഷമായി പ്രവ‍ത്തിക്കുന്നു. പഴയരീതിയില്‍ ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കി വില്‍ക്കുന്നു. പക്ഷേ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മായം കലര്‍ന്ന  വെളിച്ചെണ്ണയാണ് കഴിഞ്ഞ കുറേക്കാലങ്ങളായി ഇവരുടെ തലവേദന. വ്യാജ വെളിച്ചെണ്ണയുടെ ഉറവിടം തേടി തമിഴ്നാട്ടിലെ കാങ്കയത്തേക്കാണ് ഞങ്ങള്‍ പോകുന്നത്.  ഒരൊറ്റ തെങ്ങുപോലുമില്ലെങ്കിലും തെക്കേ ഇന്ത്യയിലെ പ്രധാന വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രമാണ് കാങ്കയം.

കോയമ്പത്തൂരില്‍ നിന്ന് 83 കിലോമീറ്ററുണ്ട് കാങ്കയത്തേക്ക്. നൂറിലധികം വെളിച്ചെണ്ണ മില്ലുകളുളള ചെറുപട്ടണം. കേരളത്തിലേക്ക് വരുന്ന വെളളിച്ചെണ്ണയുടെ 90 ശതമാനവും ഇവിടെ നിന്നാണ്. മില്ലുകള്‍ക്കു മുന്നില്‍ വലിയ കൊപ്രാക്കളങ്ങള്‍. മാസം ഇരുപതിനായിരം ലീറ്റര്‍ വേണമെന്നാവശ്യപ്പെട്ടാണ് ‍ഞങ്ങള്‍ മില്ലുടുമകളെ കണ്ടത്. സെക്കന്‍റ് ഗ്രേഡെന്നും നമ്പര്‍ ടുവെന്നുമൊക്കെയാണ് മായം കലര്‍ന്ന വെളിച്ചെണ്ണക്ക് ഇവിടെ പറയുന്നത്.

യഥാര്‍ഥ വെളളിച്ചെണ്ണയില്‍ നിശ്ചത അളവ് പാരാഫിനും അല്ലെങ്കില്‍ പാം കെര്‍ണല്‍ ഓയിലും ഒക്കെ ചേര്‍ത്താണ് വ്യാജ വെളിച്ചെണ്ണ തയാറാക്കുന്നത്. തൂക്കം കൂടുമെന്ന് മാത്രമല്ല കുടൂതുതല്‍ ലാഭവും കിട്ടും. ഒറ്റനോട്ടത്തില്‍ വെളിച്ചെണ്ണയെന്നേ തോന്നൂ. മാസം 20000 ലീറ്റര്‍ ഉറപ്പിച്ചപ്പോള്‍ മില്ലുടമ തന്നെ ഇടനിലക്കാരെ വിളിച്ചു.

ഒടുവില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 40 രൂപ കുറച്ച് കച്ചവടം ഉറപ്പിച്ചു. മായം കലര്‍‍ന്ന വെളിച്ചെണ്ണ അതിര്‍ത്തികടത്തിത്തരാമെന്ന് ഏജന്റിന്റെ ഉറപ്പ്.കാങ്കയത്ത് നിന്ന് എത്തിക്കുന്ന മായം കലര്‍ന്ന  വെളിച്ചെണ്ണ കേരളത്തിലെത്തിച്ച്  ഇഷ്‌ടമുളള ലേബലൊട്ടിച്ച് പേരില്‍ ടിന്നോലോ പൗച്ചിലോ വില്‍ക്കാം.മായം കലര്‍ന്ന വെളിച്ചെണ്ണ വിറ്റതിന്‍റെ പേരില്‍ പത്തിലധികം കമ്പനികളെയാണ് അടുത്തകാലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. പക്ഷേ കൊളളലാഭം മുന്നില്‍ക്കണ്ട് ഓരോ ദിവസവും പുതിയ പേരുകളില്‍ ഇത്തരം വെളിച്ചെണ്ണ വിപണിയെലെത്തുന്നു.

 

click me!