കോണ്‍ഗ്രസിലും ഉപദേശക സമിതി രൂപീകരിക്കാന്‍ ആലോചന

By Asianet NewsFirst Published Jun 7, 2016, 12:12 PM IST
Highlights

ദില്ലി: രാഹുല്‍ ഗാന്ധി അദ്ധ്യക്ഷപദത്തിലേക്കു വരുമ്പോള്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കാനുള്ള ആലോചന കോണ്‍ഗ്രസില്‍ സജീവമായി. ഇതിനിടെ രാഹുലിന്റെ അദ്ധ്യക്ഷ പദവിയെ പരോക്ഷമായി എതിര്‍ത്ത ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍നിന്നു പുറത്താക്കി. പശ്ചിമബംഗാളില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു സ്ഥാനക്കയറ്റം നല്‍കി കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കുമെന്നും ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായാല്‍ പാര്‍ട്ടിയുടെ നയരൂപീകരണത്തിനു പുതിയ ഉപദേശക സമിതി രൂപീകരിക്കാനാണ് എഐസിസി ആലോചിക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, പി. ചിദംബരം എന്നിവര്‍ ഉള്‍പ്പടെ 10 അംഗങ്ങള്‍ ഉപദേശകസമിതിയിലുണ്ടാകുമെന്നാണ് സൂചന. സോണിയ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരും. രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ ഉപദേശകസമിതി രൂപീകരിക്കാനാണു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അതേസമയം, ത്രിപുരയുള്‍പ്പടെ പാര്‍ട്ടിയുടെ വിവിധ സംസ്ഥാനഘടകങ്ങളില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സിപിഎം സഖ്യത്തില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ മുന്‍മുഖ്യമന്ത്രി  സമീര്‍ രഞ്ജന്‍ ബര്‍മനും മറ്റ് ആറ് എംഎല്‍എമാരും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയില്‍ പത്തുസീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങി.

ഇതിനിടെ, രാഹുലിന്റെ അദ്ധ്യക്ഷപദവിയില്‍ പരോക്ഷമായി എതിര്‍പ്പുയര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗിയെ പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നും പട്ടികവര്‍ഗസെല്‍ തലവന്‍ സ്ഥാനത്തു നിന്നും അജിത് ജോഗിയെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.


 

click me!