തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം മകനോടൊപ്പം ഡിഎംകെയിൽ ചേർന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിക്കെതിരായ പോരാട്ടത്തിന് ഡിഎംകെയാണ് നല്ലതെന്നാണ് ഒപിഎസിന്റെ നിലപാട്.

ചെന്നൈ : എഐഎഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ 'ധർമയുദ്ധം' തുടങ്ങിയ ഒപിഎസ് ഒടുവിൽ എഐഎഡിഎംകെയുടെ എതിർചേരിയിൽ. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു. ഒപിഎസും മകൻ മുൻ എംപി രവീന്ദ്രനാഥും, ഉസിലാംപട്ടി എംഎൽഎ അയ്യപ്പനുമാണ് ഡിഎംകെയിൽ ചേർന്നത്. എം കെ സ്റ്റാലിൻ മൂവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു. എടപ്പാടി കെ.പളനിസാമിക്കെതിരായ പോരാട്ടത്തിന് ഡിഎംകെയാണ് നല്ലതെന്നാണ് ഒപിഎസ് നിലപാട്.

ജയലളിതയുടെ ചിത്രം വച്ച കാറിലാണ് ഒപിഎസ് സ്റ്റാലിനെ കാണാനും പാർട്ടി അംഗത്വമെടുക്കാനുമെത്തിയത്. ഏറെ നാളായി പാർട്ടിക്ക് പുറത്താണ് പനീർശെൽവം. എൻഡിഎ സഖ്യത്തിൽ ചേർന്നെങ്കിലും പിന്നീട് മുന്നണി വിട്ടു. എൻഡിഎയുടെ ഘടകകക്ഷിയായ എഐഎഡിഎംകെ തമിഴ്നാട്ടിൽ ബിജെപിയുടെ പാവയായി മാറിയ സാഹചര്യമാണുള്ളത്. ഒടുവിൽ ബിജെപി കൈവിട്ടത്തോടെയാണ് ഡിഎംകെയിൽ ചേർന്നത്. തേനിക്ക് അപ്പുറം ഒപിഎസ്സിന് സ്വാധീനം ഇല്ലെന്ന് മറ്റ് നേതാക്കളുടെ വാദം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒപിഎസ്. എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. ഒ.പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന നിലപാടിലായിരുന്നു ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി. പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ചതും പാർട്ടിയെ ശത്രുക്കളുടെ മുന്നിൽ പണയം വച്ചതും പനീർസെൽവമാണെന്നും പുറത്താക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നുമാണ് എടപ്പാടി വ്യക്തമാക്കുന്നത്.