'അന്ത 51 പെൺകൾ! ഇന്നാട്ടിലെ മാധ്യമ പരിഷകൾ വിട്ടില്ല', മല കയറിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാരിനെ ട്രോളി ജയശങ്കര്‍

By Web TeamFirst Published Jan 19, 2019, 12:31 PM IST
Highlights

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ പട്ടിക നല്‍കിയ സംഭവത്തെ ട്രോളി അഡ്വക്കേറ്റ് ജയശങ്കര്‍. 51 പേരുടെ പട്ടികയിലുള്ള മിക്കവരും 50 വയസ് കഴിഞ്ഞവരാണെന്നും അതില്‍ ചിലര്‍ പുരുഷന്‍മാരാണെന്നും ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ പട്ടിക നല്‍കിയ സംഭവത്തെ ട്രോളി അഡ്വക്കേറ്റ് ജയശങ്കര്‍. 51 പേരുടെ പട്ടികയിലുള്ള മിക്കവരും 50 വയസ് കഴിഞ്ഞവരാണെന്നും അതില്‍ ചിലര്‍ പുരുഷന്‍മാരാണെന്നും ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പിന്നാലെ ദേവസ്വം വകുപ്പും പൊലീസും നിയമ വകുപ്പും പരസ്പരം പഴിചാരി പട്ടികയെ കയ്യൊഴിയുകയും ചെയ്തു. ഇതിനെയാണ് ജയശങ്കര്‍ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാറിനെ ട്രോളി കുറിപ്പെഴുതിയത്.

'ബിന്ദുവും കനകദുർഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 'യുവതി'കൾ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി എന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു വെറുതെ വായ കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്മെന്‍റ് ഹാജരാക്കി' എന്നാല്‍ ഇന്നാട്ടിലെ മാധ്യമ പരിഷകള്‍ വിട്ടില്ലെന്നും അവരുടെ കണ്ടെത്തല്‍ വന്നതോടെ എല്ലാവരും കയ്യൊഴിഞ്ഞെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അന്ത 51 പെൺകൾ!

ബിന്ദുവും കനകദുർഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 'യുവതി'കൾ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി എന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്മെൻ്റ് ഹാജരാക്കി.

വാർത്തയറിഞ്ഞ് മാമൂൽ പ്രിയന്മാർ ഞെട്ടി; ആർത്തവ പ്രേമികൾ ആർപ്പു വിളിച്ചു. സൈബർ സഖാക്കൾ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി.

എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകൾ വിട്ടില്ല. അന്ത 51ൽ ഒരാൾ പുരുഷൻ, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവർ! അതോടെ ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും കൈകഴുകി.

ഒരുപക്ഷേ, ഭക്ത വനിതകൾ രജിസ്‌ട്രേഷൻ സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കിൽ ദർശനം കഴിഞ്ഞു സർക്കാരിനെ കുഴപ്പത്തിലാക്കാൻ വേണ്ടി ഉളളതിനേക്കിനേക്കാൾ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധർക്കു സന്തോഷിക്കാൻ വകയായി.

നവോത്ഥാന നായകനേ, ശരണമയ്യപ്പ!

click me!