സോഷ്യൽ മീഡിയയിൽ ചിരി വിരുന്നൊരുക്കി സൂപ്പർഹീറോസ്. ലോകമെമ്പാടും ആരാധകരുള്ള സ്പൈഡർമാൻ എന്ന സൂപ്പർഹീറോയുടെ വേഷമിട്ട ഒരു സംഘം 'ഹരേ കൃഷ്ണ' മഹാമന്ത്രത്തിന്റെ താളത്തിനൊപ്പം നൃത്തമാടുന്ന വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.
പോപ്പ് കൾച്ചറും ഭക്തിയും ഒരുമിച്ച് ചേർന്നാലോ? അത്തരമൊരു കൗതുകകരമായ കാഴ്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഐതിഹാസിക സൂപ്പർഹീറോയായ സ്പൈഡർമാന്റെ വേഷമിട്ട ഒരു സംഘം 'ഹരേ കൃഷ്ണ - ഹരേ രാമ' ഭജനയുടെ താളത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് 'ഭക്തിയുടെ മൾട്ടിവേഴ്‌സ്' എന്ന പേരിൽ വൈറലായിരിക്കുന്നത്.
വൈഷ്ണവ സന്യാസിമാർക്കൊപ്പമാണ് സ്പൈഡർമാൻ വേഷധാരികൾ തെരുവിലിറങ്ങി നാമജപത്തിൽ പങ്കുചേർന്നത്. വ്യത്യസ്തമായ അഞ്ച് സ്പൈഡർമാൻ വേഷധാരികളാണ് ഈ വീഡിയോയിലെ പ്രധാന ആകർഷണം. ചുവപ്പും നീലയും നിറത്തിലുള്ള സാധാരണ സ്പൈഡർമാൻ വേഷങ്ങൾക്കൊപ്പം പിങ്ക് നിറത്തിലുള്ള വേഷവും, മൈൽസ് മൊറാലസ് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വേഷം ധരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു.
വിവിധ ഇന്ത്യൻ ട്രഡീഷണൽ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ഉപയോഗിച്ചണ് കൃഷ്ണ ഭക്തർ താളമിടുന്നത്, അതിനൊപ്പം ഭക്തിമന്ത്രങ്ങളും കൂടിയപ്പോൾ എല്ലാവരും ഒന്നിച്ച് നൃത്തം ചെയ്യുന്നു. പോപ്പ് കൾച്ചർ ഐക്കണും ആത്മീയതയും തമ്മിലുള്ള ഈ അപ്രതീക്ഷിത കൂടിച്ചേരൽ ഇന്റർനെറ്റിൽ വലിയ ചിരിയും കൗതുകവുമാണ് സൃഷ്ടിച്ചത്.
സോഷ്യൽ മീഡിയയിൽ ചിരിപ്പടക്കം
വീഡിയോ അതിവേഗം വൈറലായതോടെ സോഷ്യൽ മീഡിയ ഇതിനെ പല പേരുകളിലാണ് വിശേഷിപ്പിച്ചത്. 'സ്പൈഡർമാൻ ഇന്റു ദി ഗീതാ വേഴ്‌സസ്' എന്നും 'ഭക്തിയുടെ മൾട്ടിവേഴ്‌സ്' എന്നും ഈ വീഡിയോയുടെ താഴെ കമൻ്റുകൾ വന്നു. തമാശരൂപേണയുള്ള കമന്റുകളാണ് ഏറ്റവും ശ്രദ്ധേയമായത്. "സ്പൈഡർമാൻ: ഫാർ ഫ്രം ആശ്രമം," "സ്പൈഡർമാൻ: ഭൗതിക ലോകത്തിൽ നിന്ന് കൃഷ്ണ ലോകത്തേക്ക് അടുക്കുന്നു," എന്നിങ്ങനെ പോകുന്നു ചില പ്രതികരണങ്ങൾ. "സ്പൈഡർമാന്റെ അടുത്ത സ്റ്റോപ്പ് വൃന്ദാവനാണ്" എന്ന കമന്റുകളും പലരും പങ്കുവെച്ചു.
പോപ്പ് കൾച്ചറിലെ സൂപ്പർഹീറോകൾ പരമ്പരാഗതമായ ഭക്തിപ്രസ്ഥാനത്തിൽ അലിഞ്ഞുചേരുന്നത് സാംസ്കാരികപരമായ കൂടിച്ചേരലിന്റെ ഒരു നേർക്കാഴ്ചയാണ്. ആഗോളതലത്തിലുള്ള ആത്മീയ സമൂഹങ്ങളുടെ മാറുന്ന സ്വഭാവത്തെയാണ് ഈ വീഡിയോ എടുത്തു കാണിക്കുന്നതെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. നേരത്തെ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും ഒരു സ്പൈഡർമാൻ ഐ.എസ്.കെ.സി.ഒ.എൻ. ഭക്തർക്കൊപ്പം നൃത്തം ചെയ്യുന്ന സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.


