തിരുവനന്തപുരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം

By Web DeskFirst Published Jul 20, 2016, 6:47 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി വിളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ പൂട്ടിയിട്ട അഭിഭാഷകര്‍ രണ്ട് തവണ അതിരൂക്ഷമായ അക്രമം അഴിച്ചുവിട്ടു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. കല്ലേറില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും വക്കീല്‍ ഗുമസ്ഥനും പരിക്കേറ്റു.

വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകര്‍ അടച്ച് പൂട്ടുകയും നാലാംലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം ഉണ്ടായി. പിന്നാലെ കോടതി ഗേറ്റടച്ച് വാഹനങ്ങള്‍ തടഞ്ഞിട്ട അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം തല്ലി തകര്‍ത്തു. ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന്റെ തലക്ക് അടിയേറ്റു. മാതൃഭൂമി ന്യൂസിന്റെ ക്യാമറ കേടായി. അതിരൂക്ഷമായ കല്ലേറും സംഘര്‍ഷവും ഉണ്ടായി. കോടതിക്കകത്തുനിന്നുണ്ടായ കല്ലേറില്‍ അഭിഭാഷക ഗുമസ്ഥനും പരിക്കേറ്റു.

അക്രമികളെ അറസ്റ്റ് ചെയ്‌തേ തീരു എന്ന നിലപാടില്‍ ഉറച്ച് കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരുന്നു.
അനുനയ ചര്‍ച്ചകള്‍ നടന്ന ഒന്നര മണിക്കൂറിനിടെ രണ്ടാംവട്ട അക്രമത്തിന് അഭിഭാഷകര്‍ ഒരുക്കം കൂട്ടുകയായിരുന്നു. പ്രകോപനമില്ലാതെ കോടതി വളപ്പില്‍ കല്ലും മദ്യകുപ്പിയും ഇഷ്ടികയും മരകഷ്ണങ്ങളുമായി അഭിഭാഷകര്‍ പാഞ്ഞടുത്തു.  കേരളകൗമുദി ലേഖകന്‍ പി രജീവ് അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ നാട്ടുകാരും കക്ഷി ചേര്‍ന്നതോടെ വഞ്ചിയൂര്‍ കോടതി പരിസരം സംഘര്‍ഷഭരിതമായി. ഒടുവില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്‌പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന കമ്മീഷണറുടെ ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകരും പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.

കബാലി കോണ്‍ടസ്റ്റ്; നിങ്ങള്‍ക്ക് ഫ്രീയായി കാണാം 'കബാലി'

 

click me!