കൈക്കുഞ്ഞിനെ മടിയില്‍ കിടത്തി പരീക്ഷ എഴുതുന്ന യുവതി; കൈയടിച്ച് സോഷ്യല്‍മീഡിയ

By Web DeskFirst Published Mar 21, 2018, 5:22 PM IST
Highlights
  • കൈക്കുഞ്ഞിനെ മടിയില്‍ കിടത്തി പരീക്ഷയെഴുതുന്ന യുവതി
  • അഫ്ഗാനില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ വൈറല്‍

കാബൂള്‍: ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് പകരം നില്‍കുമെന്നാണ് പറയാറ്. കൈക്കുഞ്ഞിനെ മടിയില്‍ കിടത്തി കൊണ്ട് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയെഴുതുന്ന യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

അഫ്ഗാനിസ്ഥാനിലെ ദെയ്കുന്ദി പ്രവിശ്യയിലെ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയിൽ രണ്ടുമാസം പ്രായമായുള്ള തന്‍റെ കുഞ്ഞിനെയും പരിപാലിച്ചുകൊണ്ട് പരീക്ഷയെഴുതുന്ന 25 കാരിയായ ജഹാൻ താബിന്റെ ചിത്രവും സൈബര്‍ലോകം ഇതുനോടകം ഏറ്റെടുത്തുകഴിഞ്ഞു. 

നില്ലി നഗരത്തിലെ നസിര്‍ഖോസ്രോ ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സോഷ്യല്‍ സയന്‍സ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷ എഴുതുന്നതിനിടെ യുവതി മടിയില്‍ ഇരിക്കുന്ന കുഞ്ഞിനെയും ലാളിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. കസേരയില്‍ നിന്ന് ഇറങ്ങി കുഞ്ഞിനെയും കൊണ്ട് നിലത്ത് ഇരുന്നാണ് അവള്‍ ആ പരീക്ഷ മുഴുവന്‍ എഴുതിതീര്‍ത്തതെന്ന് പരീക്ഷയില്‍ നിരീക്ഷകനായ യഹ്യ ഇര്‍ഫാന്‍ എന്ന ലക്ചറര്‍ സാക്ഷ്യപ്പെടുത്തുന്നു. 

വിദ്യാഭ്യാസത്തിനു വേണ്ടി ദാഹിക്കുന്ന ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ യഹ്യ തന്നെയാണ് എടുത്തത്. സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന ഈ ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍മീഡിയയില്‍ യുവതിയെ പിന്‍തുണച്ചു നിരവധി സന്ദേശങ്ങളാണ് എത്തുന്നത്. 'അഫ്ഗാന്‍ സ്ത്രീകളെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവില്ല' എന്നാണ് ഒരാള്‍ പോസ്റ്റിനോട് പ്രതികരിച്ചത്. താബിന്റെ നടപടി വളരെ പ്രചോദനം നല്‍കുന്നതും ഐതിഹാസികമാണെന്നുമാണ് മിക്കവരും പോസ്റ്റ് ചെയ്തത്.

click me!