
കാബൂൾ: തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാകിസ്ഥാനാണെന്ന തെളിവ് നിരത്തി അഫ്ഗാനിസ്ഥാന്‍. അടുത്തിടെ അഫ്ഗാന്‍ തലസ്ഥാനം കാബൂളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പാക്കിസ്ഥാനിൽ പരിശീലനം നേടിയവരാണെന്നാണ് അഫ്ഗാന്‍ ആരോപണം. താലിബാന്‍ നേതാക്കള്‍ പാകിസ്ഥാനില്‍ സ്വതന്ത്ര്യരായി നടക്കുകയാണെന്ന് ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ അഫ്ഗാൻ ആഭ്യന്തരമന്ത്രി വായിസ് അഹമ്മദ് ബർമാക് ആരോപിച്ചു.
തങ്ങളുടെ കൈയ്യിലുള്ള തെളിവുകള്‍ പാകിസ്ഥാന് കൈമാറിയെന്നും അഫ്ഗാനിസ്ഥാന്‍ ഭരണകൂടം പറയുന്നു. കാബൂള്‍ ആക്രമണങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാന്‍ സുരക്ഷസേന പിടികൂടിയ ഭീകരവാദികളെ ചോദ്യം ചെയ്തപ്പോൾ പാക്ക് ബന്ധത്തിനുള്ള തെളിവുകള്‍ ലഭിച്ചെന്ന് വായിസ് അഹമ്മദ് ബർമാക് പറഞ്ഞു. പാക്കിസ്ഥാനിലെ അതിർത്തി നഗരമായ ചമനിലുള്ള മതപഠന കേന്ദ്രങ്ങളിലാണ് ഇവര്‍ ആയുധ പരിശീലനം നടത്തിയത് ആരോപണത്തോട് ഇതുവരെ പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഒരു മാസമായി താലിബാന്‍ ഉത്തരവാദിത്തമേറ്റെടുത്ത വിവിധ ആക്രമണങ്ങളിൽ അഫ്ഗാനിൽ ഇരുന്നൂറോളം പേരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച സൈനിക അക്കാദമിക്കുനേരെ ആക്രമണം നടത്തിയ തോക്കുധാരിയെ പിടികൂടിയതായും അഫ്ഗാൻ സർക്കാർ അറിയിച്ചു. രാജ്യത്തെ ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനു നടപടിയെടുക്കുന്നില്ലെന്നു വർഷങ്ങളായി ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നുണ്ട്.
താലിബാന്‍റെയും ഹഖാനി നെറ്റ്‍വർക്കിന്റെയും 27 ഭീകരരെ കഴിഞ്ഞവർഷം നവംബറിൽ അഫ്ഗാനിസ്ഥാനു കൈമാറിയതായി പാക്ക് ഉന്നതോദ്യോഗസ്ഥർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam