ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചു. മെഡിക്കൽ ടെക്നോളജി, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകളിലായി 27 കമ്പനികളുമായാണ് ധാരണ. 

തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ച സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. അമേരിക്ക, യുകെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത്. മെഡിക്കൽ ടെക്നോളജി വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെൻറർ, എമർജിങ് ടെക്നോളജി മേഖലകളിലെ 27 കമ്പനികളാണ് താൽപര്യപത്രങ്ങളിൽ ഒപ്പിട്ടിരിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് 67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി. താത്പര്യപത്രത്തിന്‍റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. കൊച്ചിയിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പിട്ട താത്പര്യപത്രങ്ങളിൽ നൂറിലധികം കമ്പനികളും നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഇതിനുപുറമേയാണ് ലോക സാമ്പത്തിക ഫോറത്തിൽ പ്രധാന കമ്പനികളുമായി താത്പര്യപത്രം ഒപ്പുവെച്ചത്. ഇഎസ്ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടുവെന്നും പി രാജീവ് പറഞ്ഞു.