ഈ നിയമനം സംസ്ഥാനത്തെ വ്യാപാരികൾ നേരിടുന്ന നികുതി, ബാങ്കിംഗ്, ലൈസൻസിംഗ് തുടങ്ങിയ വിവിധ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദില്ലി: രാജ്യത്തെ വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ പ്രതിനിധിയായി അഡ്വ സിറാജുദ്ദീൻ ഇല്ലത്തൊടി നിയമിതനായി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ നിതി ആയോഗ്, എംഎസ്എംഇ, ധനകാര്യം, കോർപ്പറേറ്റ് കാര്യം, തൊഴിൽ, നികുതി തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ ഡൽഹി ആസ്ഥാനമായാണ് ഈ ഉന്നതതല സമിതി പ്രവർത്തിക്കുന്നത്. ബോർഡ് നിലവിൽ വന്നതിനുശേഷം ഇതാദ്യമായാണ് കേരളത്തിന് ഈ ദേശീയ സമിതിയിൽ അംഗത്വം ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

നിലവിൽ ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗവും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉപസമിതി ചെയർമാനുമായ അഡ്വ. സിറാജുദ്ദീന്റെ നിയമനം കേരളത്തിലെ വ്യാപാര മേഖലയ്ക്ക് ദേശീയ തലത്തിൽ കരുത്തുറ്റ ശബ്ദം നൽകും. സംസ്ഥാനത്തെ വ്യാപാരികൾ അഭിമുഖീകരിക്കുന്ന നികുതി പ്രശ്നങ്ങൾ, ബാങ്കിംഗ് സേവനങ്ങളിലെ നൂലാമാലകൾ, ലൈസൻസിംഗ് തടസ്സങ്ങൾ, ഡിജിറ്റൽ വ്യാപാര വെല്ലുവിളികൾ എന്നിവ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധയിൽപ്പെടുത്താൻ ഈ അംഗത്വം വഴിയൊരുക്കും. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം സെന്റർ ചെയർമാൻ, സംസ്ഥാന ജി.എസ്.ടി പരാതി പരിഹാര കമ്മിറ്റി അംഗം എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം ദേശീയ തലത്തിൽ കേരളത്തിലെ വ്യാപാരികൾക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.