അല്ലാഹുവിന് ശേഷം നിങ്ങളിലാണ് പ്രതീക്ഷ; പാക് ബാലന്‍ സുഷമ സ്വരാജിനോട്

By Web DeskFirst Published Nov 26, 2017, 1:23 PM IST
Highlights

ദില്ലി: അല്ലാഹുവിന് ശേഷം ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട്  പാക് ബാലന്‍. അടുത്ത ബന്ധുവിന് കരള്‍ സംബന്ധിയായ അടിയന്തിര വിസയ്ക്ക് അനുമതി ലഭിക്കുന്നതിന് അനുമതി തേടിക്കൊണ്ട് പാകിസ്ഥാന്‍ ബാലനായ ഷാസൈബ് ഇഖ്ബാല്‍ നടത്തിയ ട്വിറ്റര്‍ പ്രതികരണമാണ് വൈറലായത്. ഇന്ത്യ നിങ്ങളുടെ പ്രതീക്ഷ തകര്‍ക്കില്ലെന്ന് ട്വിറ്ററില്‍ ഷാസൈബ് ഇഖ്ബാലിന് മറുപടി നല്‍കിയ സുഷമ സ്വരാജ് ഇഖ്ബാലിന്റെ ബന്ധുവിന് ചികിത്സാ ആവശ്യത്തിനായി വിസ അനുവദിക്കുകയും ചെയ്തു. ഇന്നലെ നാലു പാക്കിസ്ഥാൻകാർക്ക് അടിയന്തര മെഡിക്കൽ വീസ മന്ത്രി അനുവദിച്ചിരുന്നു.

മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളെ ഇന്ത്യ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന പാകിസ്ഥാന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് നാല് പേര്‍ക്ക് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിൽസകൾക്കായി അപേക്ഷിച്ച സാജിദ ബക്ഷ്, നോയിഡയിലെ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കിഷ്വർ സുൽത്താന തുടങ്ങിവരുടെ വീസ അപേക്ഷയും അംഗീകരിച്ചു.ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വ്യത്യസ്ത വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ ശുപാർശ കത്തുമായി വരുന്നവർക്കു മാത്രമേ ഇന്ത്യ മെഡിക്കൽ വീസ അനുവദിക്കൂയെന്നു മേയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു. 

ഇത്തരം കത്ത് ചോദിക്കുന്നതു നയതന്ത്ര നയങ്ങളുടെ ലംഘനമാണെന്നും മറ്റൊരു രാജ്യവും അങ്ങനെ ചോദിക്കാറില്ലെന്നും ഇസ്‌ലാമാബാദ് വ്യക്തമാക്കിയിരുന്നു. പാക്ക് അധിനിവേശ കശ്മീരിൽനിന്നുള്ള ഒരു രോഗിക്കു ട്യൂമറിന്റെ ചികിൽസയ്ക്കായി ന്യൂഡൽഹിയിൽ എത്തുന്നതിന് ജൂലൈ 18ന് ഇന്ത്യ വീസ നൽകിയിരുന്നു. ‘ഇന്ത്യയുടെ അവിഭാജ്യഘടകമായ’ മേഖലയിൽനിന്നു വരുന്നൊരാൾക്കു പാക്കിസ്ഥാനി സർക്കാരിന്റെ ശുപാർശ വേണ്ടെന്നാണ് അന്നു സുഷമ സ്വരാജ് എടുത്ത നിലപാട്.എന്നാൽ ഓഗസ്റ്റ് 15നുശേഷം, മെഡിക്കൽ വീസ ആവശ്യപ്പെടുന്ന പാക്കിസ്ഥാനി പൗരന്മാർക്ക് ഇന്ത്യ നൽകാതിരുന്നിട്ടില്ല.  

click me!