പാറശാല നിക്ഷേപ തട്ടിപ്പ്; നിക്ഷേപക സഹകരണസംഘം സെക്രട്ടറിയെ മണിക്കൂറുകളോളം പൂട്ടിയിട്ടു

By Web TeamFirst Published Aug 4, 2018, 7:00 AM IST
Highlights

പാറശ്ശാല  റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നിക്ഷേപ തുക ആവശ്യപ്പെട്ട് സെക്രട്ടറിയെ നിക്ഷേപക മണിക്കൂറുകളോളം തടഞ്ഞുവച്ചു. പ്രതിഷേധിച്ച സ്ത്രീയെ പുരുഷ പൊലീസുകാര്‍ മാറ്റിയതും വിവാദമായി.

തിരുവനന്തപുരം: പാറശ്ശാല  റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നിക്ഷേപ തുക ആവശ്യപ്പെട്ട് സെക്രട്ടറിയെ നിക്ഷേപക മണിക്കൂറുകളോളം തടഞ്ഞുവച്ചു. പ്രതിഷേധിച്ച സ്ത്രീയെ പുരുഷ പൊലീസുകാര്‍ മാറ്റിയതും വിവാദമായി.

ചെങ്കവിള സ്വദേശിയ ജയചിത്രയാണ് വൈകീട്ട് ഓഫീസിലെത്തി സെക്രട്ടറി വനജകുമാരിയെ പൂട്ടിയിട്ടത്. മണിക്കൂറുകൾക്ക് ശേഷം പൊലീസെത്തി. ഓഫീസ് തുറന്നെങ്കിലും ജയചിത്ര വനജകുമാരിയെ ബലമായി പിടിച്ചുവെച്ചു. ജയചിത്രയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം സൈസൈറ്റിയിൽ ഉണ്ട്. ഇത് തിരികെ കിട്ടാൻ വേണ്ടിയായിരുന്നു പ്രതിഷേധം. 

രണ്ട് കോടി രൂപയുടെ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സൊസൈറ്റി ഭരണസമിതി ഒരുമാസം മുന്പ് പിരിച്ചുവിട്ടിരുന്നു. സെക്രട്ടറിയും ജീവനക്കാരനും ചേർന്ന് അഴിമതി നടത്തിയെന്നാണ് ആരോപണം.  ജയചിത്ര അടക്കമുള്ള നിക്ഷേപകരുടെ പണം ഒരു  മാസത്തിനകം തിരികെ നൽകാമെന്ന് പൊഴിയൂർ എസ്ഐ മുന്പാകെ സെക്രട്ടറി വനജകുമാ‍രി നേരത്തെ ഉറപ്പ് നൽകിയിരുന്നു. 

പൊലീസ് ബലം പ്രയോഗിച്ചാണ് ജയചിത്രയെ മാറ്റിയത്. കേസ് കോടതിയിൽ ഉള്ളതിനാൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് പൊലീസ് അറിയിച്ചു. സെക്രട്ടറിയെ തടഞ്ഞുവെച്ചതിൽ ജയചിത്രക്കെതിരെ കേസ് എടുത്തിട്ടില്ല.
 

click me!