ഹജ്ജ് ഹൗസിനു പിന്നാലെ, പൊലീസ് സ്റ്റേഷനുകള്‍ക്കും കാവി പൂശി യോഗി സര്‍ക്കാര്‍

By Web DeskFirst Published Jan 8, 2018, 1:14 PM IST
Highlights

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ കാവിവത്കണം ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെക്കും വ്യാപിക്കുന്നു. ലഖ്‌നൗവിലെ ഹജ്ജ് കമ്മിറ്റി ഓഫീസിന് കാവി നിറത്തിലുള്ള പെയിന്റടിച്ചതിനു പിന്നാലെ പിന്നാലെ പൊലീസ് സ്‌റ്റേഷനിലും കാവി പൂശാനാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം.

തലസ്ഥാനത്തെ 80 വര്‍ഷം പഴക്കമുള്ള പൊലീസ് സ്‌റ്റേഷനാണ് ആദ്യഘട്ടത്തില്‍ കാവി നിറം അടിക്കുന്നത്. മഞ്ഞയും ചുവപ്പും നിറമുള്ള പെയിന്റ് മാറ്റിയാണ് കാവി പെയിന്റ് അടിക്കുന്നത്. 1939 ല്‍ സ്ഥാപിതമായതാണ് ഈ പൊലീസ് സ്‌റ്റേഷന്‍. പൊലീസ് സ്‌റ്റേഷന്റെ വാര്‍ഷികാഘോഷപരിപാടിക്ക് മുന്നോടിയായി പെയിന്റ് മാറ്റിയടിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ഡി കെ ഉപാധ്യായ പറയുന്നു. അതിശൈത്യമായതിനാല്‍ തന്നെ ജോലികള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അല്പദിവസങ്ങള്‍ക്ക് ശേഷം ജോലി ആരംഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസ്സുകള്‍, സ്‌കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയിരുന്നു. അതിന് പിന്നാലെ കാവി നിറം ലക്‌നൗവിലെ ഹജ്ജ് ആസ്ഥാനത്തേക്കും എത്തിയിരുന്നു. വെള്ളനിറത്തിലുള്ള കെട്ടിടത്തിന്റെ ചുവരും മതിലും കാവി നിറമടിച്ച് മാറ്റി. ഉത്തര്‍പ്രദേശില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും അവരുടെ യാത്ര ലക്‌നൗവിലെ ഹജ്ജ് ഹൗസില്‍ നിന്നാണ് തുടങ്ങാറ്. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമായ കെട്ടിടത്തിന്റെ നിറമാണ് യോഗി സര്‍ക്കാര്‍ കാവിയാക്കി മാറ്റിയത്. ഇക്കഴിഞ്ഞ ഒക്ടബോറില്‍, സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി നിറം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസായ ലാല്‍ ബഹദൂര്‍ ശാസ്ത്രിഭവനിലും സെക്രട്ടറിയേറ്റിലുമാണ് കാവി പൂശിയത്. 


 

click me!