
തൃശൂര്‍ പൂരത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ നീക്കണമെന്ന് തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തില്‍ പ്രമേയം. ഉന്നത ഇടപെടലുണ്ടായില്ലെങ്കില്‍ പൂരം ചടങ്ങു മാത്രമായി ചുരുക്കാന്‍ നിര്‍ബന്ധിതമാകേണ്ടിവരും. പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയില്‍ നിന്നും ലഭിച്ച ഇളവ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി.
ആന ഇഴുന്നെള്ളിപ്പിനും രാത്രികാല വെടിക്കെട്ടിനും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആചാരപ്രകാരം പൂരം നടത്താന്‍ കഴിയുമോ എന്ന ആശങ്ക യോഗം പ്രകടിപ്പിച്ചു. ഉന്നത തല ഇടപെടലുണ്ടായില്ലെങ്കില്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ നിര്‍ബന്ധിതമാകുമെന്ന് ഇരു ദേവസ്വങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞു. ആശങ്ക ദൂരീകരിച്ചെങ്കില്‍ വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടിവരും.
പൂരത്തിന്റെ ചടങ്ങുകള്‍ സുഗമമായി നടത്തുന്നതിന് സുപ്രീം കോടതി 2007 ല്‍ ഇളവ് അനുവദിച്ചിരുന്നു. ഹൈക്കോടതി കേസ് പരിഗണിക്കുന്ന വിഷു ദിനത്തില്‍ ഇക്കാര്യം കോടതിയെ ബാധ്യപ്പെടുത്തും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായും ആശയ വിനിമയം നടത്തും. എന്നാല്‍ ഉത്സവം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്നാരോപിച്ച് ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റിയും രംഗത്തെത്തി. ഇതോടെ ഹൈക്കോടതിനിന്നുണ്ടാകുന്ന തീരുമാനം ഇക്കൊല്ലത്തെ തൃശൂര്‍ പൂരം സംബന്ധിച്ച് നിര്‍ണാകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam