അന്ന് മലനട; ഇന്ന് പുറ്റിംഗല്‍ ക്ഷേത്രം, അവിശ്വസനീയം ഈ സാമ്യത

By Web deskFirst Published Apr 12, 2016, 11:05 AM IST
Highlights

തിരുവനന്തപുരം: 26 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്. കഴിഞ്ഞ ദിവസം പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്നതിന് സമാനമായ ദുരന്തം കൊല്ലം ജില്ലയിലെ മറ്റൊരു പ്രദേശത്തുണ്ടായി. പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലായിരുന്നു ആ മഹാദുരന്തം. 33 പേരാണ് അന്ന് മരണത്തിലേക്ക് ചിതറിയത്. 1990 മാര്‍ച്ച് 24നായിരുന്നു അത്.  മീനമാസത്തിലെ രണ്ടാം വെള്ളിയാഴ്ച. മലക്കുട മഹോത്സവത്തിന്റെ ഭാഗമായാണ് മല്‍സര കമ്പം നടന്നത്. 

പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം


പരവൂരിലെ പുറ്റിംഗല്‍ ക്ഷേത്രം ഫോട്ടോ: വരുണ്‍ രമേഷ്

രണ്ട് അപകടങ്ങളും തമ്മില്‍ സാമ്യതകള്‍ ഏറെയാണ്. 

1. പരവൂരിലെ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്രാ ദൂരമേയുള്ളൂ മലനട ക്ഷേത്രത്തിലേക്ക്. 

2. രണ്ട് അപകടങ്ങളും നടന്നത് വെടിക്കെട്ട് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവേയാണ്. 

3. രണ്ടും മല്‍സരക്കമ്പമായിരുന്നു. 

4. കമ്പക്കെട്ടുകാരായ വൈക്കം മണിയും കോട്ടുക്കല്‍ ദേവദാസും തമ്മിലാണ് മലനട ക്ഷേത്രത്തില്‍ മല്‍സരക്കമ്പം നടന്നത്. കഴക്കൂട്ടം സുരേന്ദ്രനും വര്‍ക്കല കൃഷ്ണന്‍ കുട്ടിയുമാണ് പുറ്റിംഗല്‍ ക്ഷേത്രത്തില്‍ ഏറ്റുമുട്ടിയത്. 

5. മലനടയില്‍ രാത്രി 11 നു തുടങ്ങിയ മത്സരക്കമ്പത്തിന്റെ മിക്ക ഇനങ്ങളും പുലര്‍ച്ചെ മൂന്നു മണിയോടെ തീര്‍ന്നു. അതിനു ശേഷമാണ് അവിടെ ദുരന്തം സംഭവിച്ചത്. പുറ്റിംഗലില്‍ മൂന്നേ കാലിനാണ് ദുരന്തമുണ്ടായത്. 

6. കുറച്ചു ഇനങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് മലനടയില്‍ ദുരന്തം നടന്നത്. പുറ്റിംഗലിലും അവസാന ഇനങ്ങള്‍ അവശേഷിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. 

7. അമിട്ട് പൊട്ടിയുണ്ടായ തീപ്പൊരി കമ്പപ്പുരയില്‍ വീണാണ് മലനടയില്‍ വന്‍ സ്‌ഫോടനം ഉണ്ടായത്. പുറ്റിംഗലിലും അമിട്ട് പൊട്ടിയുണ്ടായ തീപ്പൊരിയാണ് ദുരന്തകാരണമായത്. 

8. കോട്ടുക്കല്‍ ദേവദാസിന്റെ കമ്പപ്പുരയില്‍ നിന്നു ഉയര്‍ന്ന അമിട്ട് പൊട്ടി വീണ തീപ്പൊരി വൈക്കം മണിയുടെ കമ്പപ്പുരയില്‍ വീണാണ് മലനടയില്‍ സ്‌ഫോടനം നടന്നത്. എന്നാല്‍, പുറ്റിംഗലില്‍, അഒരു തൊഴിലാളിയുടെ കൈയിലിരുന്ന സ്‌ഫോടക വസ്തുവില്‍ അമിട്ടിന്റെ തീപ്പൊരി വീഴുകയും അതറിയാതെ അതുമായി അയാള്‍ കമ്പപ്പുരയിലേക്ക് ഓടുകയും ചെയ്തപ്പോഴാണ് പുറ്റിംഗലില്‍ ദുരന്തമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 

9. 33 പേരാണ് മലനടയില്‍ മരിച്ചത്. പുറ്റിംഗലില്‍ മരണം 110 ആയി. 

10. അവസാനമായതിനെ തുടര്‍ന്ന് കാണികളില്‍ വലിയൊരു ഭാഗം പിരിഞ്ഞുപോയതിനെ തുടര്‍ന്നാണ് മലനടയില്‍ മരണസംഖ്യ കുറഞ്ഞത്. പുറ്റിംഗലിലും വന്‍ ജനക്കൂട്ടം പിരിഞ്ഞുപോയതാണ് മരണസംഖ്യ കുറഞ്ഞത്. 

11. മലനടയ്ക്ക് ഒന്നര കിലോമീറ്റര്‍ അകലെ ഇടയ്ക്കാട് ചന്തയില്‍ വരെ കമ്പപ്രേമികളുടെ അവയവങ്ങള്‍ തെറിച്ചുവീണു. പുറ്റിംഗലിലും ദൂരെ സ്ഥലങ്ങളില്‍ വരെ അവയവങ്ങള്‍ പറന്നുവീണു. 

12. മലനടയില്‍ ക്ഷേത്ര പരിസരത്തെ കെട്ടിടങ്ങളെല്ലാം തകര്‍ന്നു. കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു. പുറ്റിംഗലിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. 

മലനട ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിന്റെ ഈ വീഡിയോ കൂടി കാണുക
 

 

click me!