
കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പുകേസില്‍ നടി ലീന മരിയ പോളിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. നടിയെ വിളിച്ചത് അധോലോക നായകന്‍ രവി പൂജാരിതന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർത്തതെന്നാണ് പൊലീസ് അനുമാനം.
മംഗലാപുരം, ബാംഗ്ലൂർ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിലേക്കും ലീന മരിയ പോളിനെയും ഫോണില്‍ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളുടെ അനുയായി സംഘത്തിലുണ്ടായിരുന്നവരാണ് ശബ്ദം തിരിച്ചറിഞ്ഞത്. ശബ്ദത്തിന്‍റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാഫലവും ഉടന്‍ ലഭിക്കും. അങ്ങനെയെങ്കില്‍ നടിക്ക് രവി പൂജാരിയുമായുള്ള ബന്ധമെന്താണെന്നാണ് പൊലീസ് കണ്ടെത്തെണ്ടേത്. ഇവർ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ലീനയോട് വീണ്ടും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടും.
ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് കൊച്ചിയിലെ പ്രദേശിക ഗുണ്ടാ സംഘമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് വെടിയുതിർത്തത്. ക്വട്ടേഷന്‍ നല്‍കിയതിനുപിന്നില്‍ രവി പൂജാരയാണോയെന്ന് ഇവർക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
അതേസമയം ലീന മരിയ പോള്‍ ബോളിവുഡ് താരങ്ങളെയടക്കം സ്വകാര്യ ചടങ്ങുകള്‍ക്ക് എത്തിക്കാമെന്നേറ്റ് സംസ്ഥാനത്തെ വ്യവസായ പ്രമുഖരില്‍നിന്നടക്കം ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ലീനയ്ക്കെതിരെ 3 സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതിന് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam