നോട്ട് നിരോധനം കർഷകരെ തകർത്തെന്ന റിപ്പോർട്ട് തിരുത്തി കാർഷിക മന്ത്രാലയം

Published : Nov 27, 2018, 03:03 PM IST
നോട്ട് നിരോധനം കർഷകരെ തകർത്തെന്ന റിപ്പോർട്ട് തിരുത്തി കാർഷിക മന്ത്രാലയം

Synopsis

കഴി‍ഞ്ഞ ആഴ്ച്ച പാര്‍ലമെന്ററി സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച റിപ്പോർട്ട് തിരുത്തിയാണ് മന്ത്രാലയം പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. ചൊവ്വാഴ്ച ചേർന്ന കമ്മിറ്റിയിലാണ് പുതിയ റിപ്പോർട്ട് അവതരിപ്പിച്ചത്. 

ദില്ലി: നോട്ട് നിരോധനം കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ത്തെന്ന മുൻ റിപ്പോർട്ട് തിരുത്തി കേന്ദ്ര കാര്‍ഷിക മന്ത്രാലയം. കഴി‍ഞ്ഞ ആഴ്ച്ച പാര്‍ലമെന്ററി സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച റിപ്പോർട്ട് തിരുത്തിയാണ് മന്ത്രാലയം പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. ചൊവ്വാഴ്ച ചേർന്ന കമ്മിറ്റിയിലാണ് പുതിയ റിപ്പോർട്ട് അവതരിപ്പിച്ചത്. 

'500,1000 ഇന്ത്യൻ രൂപയുടെ  നിരോധനവും അനന്തരഫലവും' എന്ന തലക്കെട്ടോടുകൂടി കേന്ദ്ര കാര്‍ഷിക മന്ത്രാലയം അവതരിപ്പിച്ച പുതിയ റിപ്പോർട്ട് മുമ്പ് അവതരിപ്പിച്ച റിപ്പോർട്ടിൽനിന്ന് തികച്ചും വിപരീതമാണ്. കാർഷിക വായ്പകൾ, ഗുണമേന്മയുള്ളതും സാക്ഷ്യപ്പെടുത്തിയ വിത്തുകളുടെ വിതരണം, പ്രധാനപ്പെട്ട റാബി വിളകളുടെ വിതരണം, വിളകളുടെ ഉത്പാദനം തുടങ്ങിയവയിൽ മുൻ വർഷത്തെക്കാൾ താരതമ്യം ചെയ്യുമ്പോൾ പ്രോത്സാഹജനകമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നുവെന്നുമാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ നോട്ട് നിരോധനം കാർഷിക മേഖലയെ കൂടുതൽ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കർഷകർക്ക് ഏറെ ഗുണകരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനം മൂലം ലക്ഷക്കണക്കിന് വരുന്ന കർഷകർ കൃഷിക്കാവശ്യമായ വിത്തുകളും വളങ്ങളും വാങ്ങാന്‍ പണമില്ലാതെ വലയുകയാണെന്നായിരുന്നു മന്ത്രാലയം അവതരിപ്പിച്ച ആദ്യത്തെ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. പണത്തകര്‍ച്ച മൂലം കര്‍ഷകര്‍ വിത്ത് വാങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും കാര്‍ഷിക മേഖല തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കുന്ന സമയത്ത് കർഷകർ ഖരീഫ് വിളകൾ വിൽക്കുവാനും റാബി വിളകൾ വിതയ്ക്കുന്നതിനുമുള്ള തയ്യാറെടുപ്പിലായിരുന്നു. വിളകൾ വിതയ്ക്കാനും വിൽക്കാനും പണം അത്യാവശ്യമാണ്. എന്നാൽ നോട്ട് നിരോധനം വന്നതോടെ കമ്പോളത്തിൽനിന്നും പണം തുടച്ചുമാറ്റപ്പെട്ടു. ജോലിക്കാര്‍ക്ക് ദിവസക്കൂലി നല്‍കാനും വിളവെടുപ്പിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നോട്ട് നിരോധനം സാമ്പത്തിക മേഖലയെ തകര്‍ത്തതോടെ നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന് 1.38 ലക്ഷം ക്വിന്‍റലിന്‍റെ ഗോതമ്പ് ധാന്യങ്ങള്‍ വിതരണം ചെയ്യാനായിട്ടില്ല. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടും ഗോതമ്പ് ധാന്യങ്ങള്‍ വില്‍ക്കാനായില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  
  
റിപ്പോർട്ടിനെതിരെ ഭരണകക്ഷിയായ ബിജെപിയിൽ പ്രതിഷേധം ശക്തമായിരുന്നു. റിപ്പോർട്ട് വ്യക്തമല്ലെന്നും മന്ത്രാലയം സെക്രട്ടറി റിപ്പോർട്ട് അംഗീകരിച്ച് ഒപ്പ് വച്ചില്ലെന്നും ആരോപിച്ച് സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങൾ‌ പ്രതിഷേധിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് എംപി വീരപ്പ മൊയ്‍ലിയാണ് പാര്‍ലമെന്‍റ്റി സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ അധ്യക്ഷന്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം
മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്; അപലപിച്ച് കോൺ​ഗ്രസ്