അഗസ്ത വെസ്റ്റ്‌ലാന്റ്; സഭ ഇന്നും ബഹളത്തില്‍ മുങ്ങി

By Web DeskFirst Published Apr 28, 2016, 1:14 PM IST
Highlights

അതേ സമയം അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും ബഹളം. വിഷയം ഉന്നയിക്കാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ ശ്രമത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയുടെ നടുത്തളത്തിലേക്കിറങ്ങി. സംഭവത്തില്‍ സോണിയാഗാന്ധിക്കെതിരെയും മന്‍മോഹന്‍സിംഗിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് വിവിഐ പി ഹെലികോപ്റ്റര്‍ ഇടപാട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് ബി.ജെ.പി. ഇക്കാര്യത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ബി.ജെ.പി ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭയില്‍ വിഷയം ഉന്നയിക്കുന്നതിനിടയില്‍ അഗസ്റ്റവെസ്റ്റ്‌ലാന്റിനെ കുറിച്ച് സുബ്രഹ്മണ്യസ്വാമി പറഞ്ഞുതുടങ്ങിയതും കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി.

അതിനിടയില്‍ ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതിനിടെ സിബിഐയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇതിനിടെ സോണിയാഗാന്ധിക്കെതിരെയും മന്‍മോഹന്‍സിംഗിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചു. 

അഗസ്റ്റവെസ്റ്റ്‌ലാന്റ് ഇടപാടില്‍ സോണിയാഗാന്ധിക്കെതിരെയുള്ള തെളിവുകള്‍ കൈമാറിയാല്‍ കടല്‍ കൊല കേസിലെ പ്രതികളായ നാവികരെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കിയതായുള്ള ആരോപണം ഇതിനിടെ കോണ്‍ഗ്രസ് ശക്തമാക്കുന്നുണ്ട്. 

സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. 
 

click me!