
ദില്ലി: താനിപ്പോള്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍. പാര്‍ട്ടിയില്‍ തന്റെ പുതിയ റോള്‍ എന്തായിരിക്കുമെന്ന് രാഹുല്‍ ഗാന്ധിയാവും തീരുമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.
നീണ്ട പതിനാറു വര്‍ഷത്തോളം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അഹമ്മദ് പട്ടേല്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ അഹമ്മദ് പട്ടേല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗം,രാജ്യസഭാ എംപി എന്നീ പദവികളിലേക്കൊതുങ്ങിയിരിക്കുകയാണ്.
മക്കളുമായി ആലോചിച്ച ശേഷം സോണിയ ഗാന്ധി തന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ കഠിനപ്രയത്‌നത്തെ തുടര്‍ന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉണര്‍വ് വീണ്ടെടുത്തുവെന്നും പട്ടേല്‍ പറയുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നൂറ് സീറ്റു വരെ ലഭിക്കുവാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും സഖ്യകക്ഷികളായ ബിഎസ്പി-എന്‍.സി.പി എന്നീ പാര്‍ട്ടികളുടെ സഹകരണമില്ലായ്മയുമാണ് കൂടുതല്‍ സീറ്റുകള്‍ നേടുന്നതില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളിലെല്ലാം വന്‍ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ജനപങ്കാളിത്തമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ പോലും പാര്‍ട്ടി പരാജയപ്പെട്ടു. വോട്ടിംഗ് മെഷീനുകളെക്കുറിച്ച് പൊതുസമൂഹത്തിനുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നാണ് ഇതേക്കുറിച്ചുള്ള എന്റെ നിലപാട്... വോട്ടിംഗ് മെഷീനുകളില്‍ കൃതിമം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി കൊണ്ട് പട്ടേല്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam