മതേതര പരാമര്‍ശം: മന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ ഖേദം പ്രകടിപ്പിച്ചു

By Web DeskFirst Published Dec 28, 2017, 12:00 PM IST
Highlights

ദില്ലി: ഭരണഘടന തിരുത്തല്‍ പരാമര്‍ശത്തില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ പാര്‍ലമെന്‍റില്‍ മാപ്പു പറഞ്ഞു. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും എങ്കിലും പറഞ്ഞത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും മന്ത്രി പറഞ്ഞു. ഭരണഘടന പരമോന്നതിയിലുള്ളതാണെന്നും ഒരിക്കലും ഭരണഘടനയെ തള്ളിപ്പറയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മതേതരം സോഷ്യലിസം എന്നീ വാക്കുകള്‍ നേരത്തെ ഭരണഘടനയില്‍ ഉള്ളതല്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും അതുകൊണ്ടു തന്നെ അവ അംഗീകരിക്കേണ്ടതില്ലെന്നുമായിരുന്നു ഹെഗ്ഡെ നേരത്തെ കര്‍ണാടകയില്‍ നടത്തിയ പരാമര്‍ശം. മതേതരവാദികള്‍ നട്ടെല്ലില്ലാത്തവരാണെന്നും സ്വന്തം രക്തബന്ധത്തില്‍ വിശ്വാസമില്ലാത്തവരാണെന്നും ഭരണഘടന തിരുത്താന്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തിൽ വിശദീകരണം ആവശ്യപ്പെട്ട്   പ്രതിപക്ഷം ഇന്നലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്നും വിശദീകരണം ആവശ്യപ്പെടാന്‍ പ്രതപക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ ലോകസഭയുടെ ആരംഭത്തില്‍ തന്നെ ഹെഗ്ഡെ മാപ്പ് പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിച്ചു.

click me!