
മുംബൈ: രാജ്യത്ത് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിച്ച കാലത്ത് ഏറ്റവും കൂടുതല്‍ നിരോധിത നോട്ടുകൾ നിക്ഷേപിക്കപ്പെട്ടത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ സഹകരണബാങ്കില്‍. വിവാരവകാശനിയമപ്രകാരം വിവരം ശേഖരിച്ച മുംബൈ സ്വദേശിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസങ്ങൾക്കുള്ളിൽ 745.59 കോടിരൂപയാണ് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.
സഹകരണ ബാങ്കുകളിൽ പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി നവംബര്‍ 14ന് സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുമ്പാണ് അമിത് ഷായുടെ ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടത്. സഹകരണബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാം ദിവസം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടത്തിയത്.
അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ നിക്ഷേപിക്കപ്പെട്ടത് 693.19 കോടിയാണ്. ഈ ബാങ്കിന്റെ ചെയര്‍മാനായ ജയേഷ്ബായ് വിത്തല്‍ഭായ് റാഡിയ വിജയ് റൂപാനി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയാണ്.
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകളെ ഇടപാടുകളില്‍ നിന്നും വിലക്കിയ കാലയളവില്‍ ഗുജറാത്തിലെ 18 ജില്ലാ ബാങ്കുകളിലും അതിന്റെ ആയിരത്തിലേറെ വരുന്ന ശാഖകളിലുമായി വലിയ നിക്ഷേപമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam