കോൺഗ്രസിലെ  നേതൃമാറ്റം: എ ഐ  ഗ്രൂപ്പുകൾക്ക്  കടുത്ത  അതൃപ്തി

By Web DeskFirst Published Jul 10, 2016, 12:57 AM IST
Highlights

ദില്ലി: വി എം സുധീരനെ മാറ്റണമെന്ന ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ്തള്ളിയതിൽ എ,ഐ  ഗ്രൂപ്പുകൾക്ക് കടുത്ത  അമർഷം. 9 എംഎൽഎമാർ  എ, ഐ  ഗ്രൂപ്പുകളുടെ നിലപാടിനൊപ്പം നിന്നില്ല എന്നാണ് ഹൈക്കമാൻഡ്  വൃത്തങ്ങൾ നല്‍കുന്ന സൂചന. കോൺഗ്രസിലെ ഭിന്നതകൾക്ക് പരിഹാരം കാണാതെയാണ് രണ്ടു ദിവസത്തെ ദില്ലി  ചർച്ചകൾ അവസാനിച്ചത്.

തെരഞ്ഞെടുപ്പ്  തോൽവിയുടെ  ഉത്തരവാദിത്വം  വിഎം  സുധീരനാണെന്നും  നേതൃമാറ്റം  അനിവാര്യമാണെന്നുമുള്ള കടുത്ത നിലപാടാണ് എഐ ഗ്രൂപ്പുകൾ ദില്ലിയിൽ രണ്ടു ദിവസമായി നടന്ന  ചർച്ചകളിലും സ്വീകരിച്ചത്. എന്നാൽ ഇത് തള്ളിക്കളയുന്ന  നിലപാടാണ് രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും സ്വീകരിച്ചത്. തോൽവിക്ക് ഒരാൾക്കല്ല ഉത്തരവാദിത്വം എന്ന് രാഹുൽ വ്യക്തമാക്കി. 

മാത്രമല്ല നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിയെ എഗ്രൂപ്പ് നേതാക്കൾ കണ്ടപ്പോൾ കിട്ടിയ പ്രതികരണവും  തൃപ്തികരമായിരുന്നില്ല. നേതൃമാറ്റ ആവശ്യത്തോടെ ഹൈക്കമാൻഡ് പുറം തിരിഞ്ഞു നില്ക്കുന്നതിൽ കടുത്ത  അതൃപ്തിയാണ് രണ്ട് ഗ്രൂപ്പിലെയും പ്രമുഖ നേതാക്കൾ പ്രകടിപ്പിക്കുന്നത്. 

രാഹുലിന്‍റെ കൂടിക്കാഴ്ച പ്രഹസനമാണെന്നും വിളിച്ചു വരുത്തി അപമാനിക്കുകയാണ് ചെയ്തതെന്നുമുള്ള  വികാരവും ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. വിഎം സുധീരന്‍റെ നേതൃത്വത്തിൽ പുതിയൊരു വിഭാഗം  ഉയരുന്നതിലും എഐ നേതാക്കൾ അസ്വസ്ഥരാണ്. 

പിജെ കുര്യന്‍റെ  പിന്തുണ ഇപ്പോൾ സുധീരനാണ്. 9 എംഎൽഎമാർ ഗ്രൂപ്പുകളുടെ നിലപാടിൽ നിന്ന്  വ്യത്യസ്തമായി അഴിമതിരഹിത നേതൃത്വം പാർട്ടിക്കു വേണം എന്ന അഭിപ്രായമാണ് രാഹുലിനെ അറിയിച്ചത്. ചില എംപിമാരും ഈ നിലപാട് സ്വീകരിച്ചു. 

തല്‍ക്കാലം ഡിസിസി  പ്രസിഡന്‍റുമാരുടെ മാറ്റത്തോടെ പുനസംഘടന തുടങ്ങാനാണ് സാധ്യത. എല്ലാവരെയും  മാറ്റണമോ എന്ന് തീരുമാനിച്ചിട്ടില്ല. നേതൃമാറ്റം ഇപ്പോഴില്ലെങ്കിലും പാർട്ടിയിലെ  അഴിച്ചു  പണിക്കായുള്ള  ഒരു  രൂപരേഖയ്ക്ക്  വൈകാതെ  ഹൈക്കമാൻഡ്  രൂപം നല്കും. 

അതേസമയം ദില്ലിയിൽ നടന്ന പുനസംഘടനാ ചർച്ചകൾ തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. കേരളത്തിലെ പുനസംഘടന എങ്ങിനെ വേണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ദില്ലി ചർച്ചകൾക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയതായിരുന്നു സുധീരൻ.

click me!