ഇനി രാഹുൽ യുഗം; രാഹുൽ ഗാന്ധിക്ക് എതിരാളിയില്ലെന്ന് എഐസിസി

By Web DeskFirst Published Dec 5, 2017, 6:31 PM IST
Highlights

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്ക് എതിരാളിയില്ലെന്ന് എഐസിസി അറിയിച്ചു. വലിയ ആഘോഷങ്ങളോടെ തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രഖ്യാപനം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് 89 നാമനിര്‍ദ്ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് സമിതിക്ക് കിട്ടിയത്. പത്രികകളിലെ സൂക്ഷ്പരിശോധന പൂര്‍ത്തിയായപ്പോൾ മത്സരത്തിൽ രാഹുലിന് എതിരാളികളില്ല. 

രാഹുലിനായി സമര്‍പ്പിച്ച 89 പത്രികകളും സാധുവാണെന്ന് തെരഞ്ഞെടുപ്പ് സമിതി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. രാഹുൽ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന അനൗദ്യോഗിക അറിയിപ്പുകൂടിയാണ്. ഔദ്യോഗിക പ്രഖ്യാപനം പത്രിക പിൻവലിക്കേണ്ട അവസാന തിയതിയായ ഈമാസം 11ന് വലിയ ആഘോഷത്തോടെയാകും നടത്തുക. ഗുജറാത്ത്, ഹിമാചൽ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഡിസംബര്‍ 18ന് മുമ്പേ തന്നെ രാഹുലിന്‍റെ വിജയം കോണ്‍ഗ്രസ് ആഘോഷിക്കും. 

എ.ഐ.സി.സി സമ്മേളനം വിളിക്കുന്നതിന് പകരം പ്രവര്‍ത്തക സമിതി വിളിച്ച് രാഹുൽ ചുമതലയേൽക്കാനാണ് സാധ്യത. രാഹുൽ അദ്ധ്യക്ഷനാകുന്നതിനെ സ്വാഗതം ചെയ്ത് ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്ളക് ബോര്‍ഡുകളും നിരന്നു. രാഹുൽ പാര്‍ടിയുടെ നേതൃനിരയിലേക്ക് വരുന്നതോടെ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ-മോദി നേര്‍ക്കുനേര്‍ പോരാട്ടം തന്നെയാകും. അതിനുള്ള തയ്യാറെടുപ്പുകൾക്കാകും ഇനിയുള്ള ശ്രമങ്ങൾ. 

ബി.ജെ.പി വിരുദ്ധ പാര്‍ടികളെ ഏകോപിപ്പിക്കുന്നതിലടക്കം രാഹുൽ എടുക്കാൻ പോകുന്ന നിലപാടുകളും നിര്‍ണായകമാകും. കോണ്‍ഗ്രസിലെ തലമുറമാറ്റത്തിനൊപ്പം നെഹ്റു കുടുംബത്തിൽ നിന്ന് അഞ്ചാമത്തെ നേതാവാണ് കോണ്‍ഗ്രസ് പാര്‍ടിയുടെ അമരത്ത് എത്തുന്നത് എന്ന പ്രത്യേകതയും രാഹുലിന്‍റെ അദ്ധ്യക്ഷ സ്ഥാനത്തിനുണ്ട്.

click me!