അയോധ്യ കേസ്: അന്തിമവാദം കേൾക്കുന്നത് ഫെബ്രുവരി 8 ലേക്ക് മാറ്റി

By Web DeskFirst Published Dec 5, 2017, 6:22 PM IST
Highlights

ദില്ലി: അയോധ്യ കേസിൽ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി അന്തിമ വാദം കേൾക്കും. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം കേസ് പരിഗണിച്ചാൽ മതിയെന്ന സുന്നി വഖഫ് ബോർഡിന്‍റെ ആവശ്യം കോടതി തള്ളി. കേസിലെ മുഴുവൻ രേഖകളും ലഭ്യമാക്കണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ബാബറി മസ്ജിദ് തകർത്തതിന്‍റെ 25 വാർഷികത്തിന് ഒരു ദിവസം ബാക്കി നിൽക്കെ അയോധ്യ കേസിൽ അന്തിമ വാദം കേൾക്കുന്നത് സുപ്രീംകോടതി അടുത്ത വർഷം ഫെബ്രുവരി എട്ടിലേക്ക് മാറ്റി. 

അയോധ്യയിലെ തർക്കഭൂമി ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച് നൽകണമെന്ന അലബഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് ചീഫ് ജസ്റ്റീസ് ദീപത് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിച്ചത്. വാദം തുടങ്ങിയപ്പോൾ തന്നെ കേസിന്‍റെ വിശദാംശങ്ങൾ സംബന്ധിച്ച രേഖകൾ തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ ചരിത്ര രേഖകളടക്കം 19,590 രേഖകൾ പരിഭാഷപ്പെടുത്തി സമർപ്പിച്ചിട്ടുണ്ടെന്ന് യുപി സർ‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. 

എന്നാൽ പ്രധാനരേഖകൾ കേസിലെ കക്ഷികൾക്ക് ലഭ്യമാക്കും മുൻപ് വാദം തുടങ്ങരുതെന്നും കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്നും വഖഫ് ബോർഡ് ആവശ്യപ്പെട്ടു. കേസിൽ അന്തിമവാദം ഇപ്പോൾ കേൾക്കുന്നത് വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്നും 2019 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ജൂലൈ 15 ന് മാത്രമെ വാദം കേൾക്കാവൂവെന്നും കപിൽ സിബൽ വാദിച്ചു. 

മറ്റൊരു കക്ഷിയായ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും ഇതിനെ പിന്തുണച്ചു. എന്നാൽ രേഖകൾ ശേഖരിക്കാൻ സമയം അനുവദിച്ച കോടതി വഖഫ് ബോർഡിന്‍റെ മറ്റെല്ലാ ആവശ്യങ്ങളും നിരാകരിച്ചു. അതിനിടെ, തർക്ക ഭൂമിയിൽ ക്ഷേത്രം ആകാമെന്നും പകരം തൊട്ടടുത്ത് പള്ളി നിർമ്മിക്കാമെന്നുമുള്ള നിർദ്ദേശം ഷിയ വഖഫ് ബോർഡ് മുന്നോട്ടുവച്ചു. അതേസമയം, കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക ടീസ്ത സെതിൽവാദ് ഉൾപ്പെടെ സമർപ്പിച്ച അപേക്ഷ കോടതി പരിഗണിച്ചില്ല.

click me!