
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കൊച്ചിയിലെത്തി തെരഞ്ഞെടുപ്പൊരുക്കങ്ങള്‍ വിലയിരുത്തി. വിവിധ ജില്ലകളിലെ പ്രവർത്തകരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൊച്ചിയിലെത്തിയത്.
ഡിസിസി ഓഫീസില്‍ ചേർന്ന യോഗത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ തവണ കൈവിട്ടുപോയ ചാലക്കുടി, ഇടുക്കി മണ്ഡലങ്ങള്‍ എന്തു വിലകൊടുത്തും തിരിച്ചു പിടിക്കണമെന്ന് മുകുള്‍ വാസ്നിക്ക് പ്രവർത്തകർക്ക് നിർദേശം നല്‍കി. ഇതിനായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രൂപീകരിച്ച 'ജനസമ്പർക്ക അഭിയാന്‍' ശക്തമാക്കാനും നിർദേശിച്ചു. 'എന്‍റെ ബൂത്ത് എന്‍റെ അഭിമാനം' എന്നതാണ് ജനസമ്പർക്ക അഭിയാന്‍റെ മുദ്രാവാക്യം. ബൂത്ത് തലംമുതല്‍ പ്രചാരണ പ്രവർത്തനങ്ങള്‍ ശക്തമാക്കാനും പ്രവർത്തകർക്ക് നിർദേശം നല്‍കി.
വിജയസാധ്യത മാനദണ്ഡമാക്കിയായിരിക്കും സ്ഥാനാർത്ഥി നിർണയമെന്ന പാർട്ടി തീരുമാനത്തോട് പ്രവർത്തകർ യോജിച്ചു. എന്നാല്‍ താഴെത്തട്ടില്‍മാത്രമല്ല മുകള്‍തട്ടിലും സമാനമായ മാറ്റം വേണമെന്നും താഴെത്തട്ടിലുള്ളവർക്കും അംഗീകാരം ഉറപ്പാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകരുടെ അഭിപ്രായങ്ങളും മുകുൾ വാസ്നിക് കേട്ടറിഞ്ഞു
സമൂഹമാധ്യമങ്ങളില്‍ 'ശക്തി' ക്യാംപെയ്ന്‍ വ്യാപിപ്പിക്കാനും മുകുൾ വാസ്നിക് നിർദേശം നൽകി. സാധാരണ പ്രവർത്തകരെ എഐസിസിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് 'ശക്തി'യെന്ന പേരിലുള്ള സോഷ്യല്‍മീഡിയയിലെ പ്രചാരണ പ്രവർത്തനങ്ങള്‍. ഈ മാസം 29ന് രാഹുല്‍ഗാന്ധി കൊച്ചിയിലെത്തുന്നതോടെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam