
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നരേന്ദ്രമോദി വിമാനമിറങ്ങും. കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളിൽ അദേഹം പങ്കെടുക്കും.
രണ്ടാഴ്ചയുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് കൊച്ചിൻ റിഫൈനറിയിലെ പരിപാടിയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം 3 ഉദ്ഘാടന ചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്തെ യുവമോർച്ച പരിപാടിയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാർട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.
വൈകിട്ട് ആറുമണിയോടെ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ദില്ലിക്ക് തിരിക്കും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദർശനത്തിലൂടെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലഭിച്ച മേധാവിത്വം ശക്തമായി നിലനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam