
ദില്ലി: എയർ ഏഷ്യക്ക് വിദേശവിമാന സർവ്വീസ് തുടങ്ങാൻ ചട്ടങ്ങളിൽ ഇളവു നല്കിയ കേസിൽ സിബിഐ അന്വേഷണം ഉന്നതരിലേക്ക്. യുപിഎ ഭരണകാലത്ത് തുടങ്ങിയ അഴിമതി എൻഡിഎ ഭരണകാലത്തും തുടർന്നു എന്നാണ് സിബിഐ എഫ്ഐആര്‍ വ്യക്തമാക്കുന്നത്. ഇതിനിടെ എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തെ അടുത്തമാസം 5 വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
എയർ ഏഷ്യയ്ക്ക് വിദേശ വിമാന സർവ്വീസ് തുടങ്ങാൻ ചട്ടങ്ങളിൽ ഇളവു നല്കിയത് വഴിവിട്ട രീതിയിലാണെന്ന് കണ്ടെത്തിയ സിബിഐ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എയർ ഏഷ്യ സിഇഒ ടോണി ഫെർണാണ്ടസിനും ചില കോർപ്പറേറ്റ് ഇടനിലക്കാർക്കും ടാറ്റാ ഗ്രൂപ്പ് ഉദ്യോഗസ്ഥർക്കും എതിരെയാണ് എഫ്ഐ ആർ. സിബിഐ അന്വേഷണം ഉന്നതരിലേക്കും നീങ്ങുകയാണ്.
യുപിഎകാലത്ത് വ്യോമയാന മന്ത്രിയായിരുന്ന അജിത് സിംഗ് ചട്ടങ്ങളിൽ ഇളവു നല്‍കാം എന്ന് ഇടനിലക്കാരോട് സമ്മതിച്ചതായുള്ള ഇമെയിൽ സന്ദേശം സിബിഐക്ക് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപപ്രോത്സഹാന ബോർഡ് ചട്ടങ്ങളും ലംഘിച്ചു എന്ന് വ്യക്തമായ സാഹചര്യത്തിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടു.
അഞ്ച് വർഷം ആഭ്യന്തരരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കേ വിദേശ സർവ്വീസ് അനുമതി നല്കൂ എന്ന ചട്ടം എടുത്തു കളയാനുള്ല മന്ത്രിസഭാ കുറിപ്പ് യുപിഎ ഭരണകാലത്താണ് തയ്യാറാക്കിയതെങ്കിലും അന്തിമ തീരുമാനം 2016-ൽ എൻഡിഎ സർക്കാരാണ് കൈക്കൊണ്ടത്. എൻഡിഎ ഭരണകാലത്തും ഇടനിലക്കാർക്ക് എയർഏഷ്യ പണം നല്കിയിട്ടുണ്ടെന്ന് എഫ്ഐആറിലുണ്ട്.
ഇതിനിടെ എയർസെൽ മാക്സിസ് കേസിൽ അടുത്ത മാസം 5 വരെ പി ചിദംബരത്തെ അറസ്റ്റു ചെയ്യരുതെന്ന് പ്രത്യേക സിബിഐ കോടതി നിർദ്ദേശിച്ചു. അടുത്ത മാസം 5ന് അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജകരാകാൻ കോടതി ചിദംബരത്തോട് നിർദ്ദേശിച്ചു. മകൻ കാർത്തി ചിദംബരം 26 ലക്ഷം രൂപ ഈ ഇടപാടിൽ കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam