
ദില്ലി: പൈലറ്റുമാര്‍ മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ മണിക്കൂറുകളോളം വൈകി. ഞായറാഴ്ച ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ ചീഫ് ഓഫ് ഓപ്പറേഷന്‍സ് പദവിയിലുള്ള മുതിര്‍ന്ന പൈലറ്റാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിയിലായത്. മദ്യപിച്ചത് പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു പൈലറ്റ് പരിശോധനയ്ക്ക് വിധേയനാകാതെ വിമാനം പറത്തിയെങ്കിലും ഉടനെ തിരിച്ചിറക്കുകയായിരുന്നു.
ദില്ലിയില്‍ നിന്നും ലണ്ടനിലേക്കും ബാങ്കോങ്കിലേക്കും പോകേണ്ട വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് മണിക്കൂറുകളോളം വിമാനത്തില്‍ കാത്തിരിക്കേണ്ടിവന്നത്. ലണ്ടനിലേക്ക് പോകേണ്ട എ.ഐ-111 വിമാനം പറത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ചീഫ് ഓഫ് ഓപ്പറേഷന്‍സ് കൂടിയായ ക്യാപറ്റന്‍ അരവിന്ദ് കത്‍പാലിയയാണ് വിമാനത്താവളത്തില്‍ പിടിയിലായത്. തുടര്‍ന്ന് ഒരു തവണ കൂടി ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തിയെങ്കിലും അതിലും പരാജയപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് അരവിന്ദ് കത്‍പാലിയ മദ്യപിച്ചെത്തി പിടിയിലാകുന്നത്. ഇയാളുടെ പൈലറ്റ് ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മറ്റൊരു പൈലറ്റിനെ എത്തിച്ചശേഷമാണ് വിമാനം പുറപ്പെട്ടത്.
ഉച്ചയ്ക്ക് 1.50ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട വിമാനത്തിലെ കോ പൈലറ്റാണ് മദ്യപിച്ചത് പിടിക്കപ്പെടാതിരിക്കാന്‍ പരിശോധനയ്ക്ക് വിധേയനാകാതിരുന്നത്. ഇത് തിരിച്ചറിഞ്ഞതോടെ 2.20ന് വിമാനം ദില്ലിയില്‍ തന്നെ തിരിച്ചിറക്കി. പരിശോധനയ്ക്ക് വിധേയമാകാതിരുന്നാല്‍ മദ്യപിച്ചതായി കണക്കാക്കുമെന്നാണ് ചട്ടം. പൈലറ്റിനെ മാറ്റിയപ്പോഴേക്കും ജീവനക്കാരുടെ ജോലി സമയം അവസാനിച്ചതിനാല്‍ വിമാനത്തിന് പുറപ്പെടാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ വൈകി 7.20നാണ് വിമാനം പിന്നീട് പുറപ്പെട്ടത്. ഈ സമയം മുഴുവന്‍ അറിയിപ്പുകളൊന്നും ലഭിക്കാതെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കുടുങ്ങി. നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചു.
പൈലറ്റുമാരും വിമാന ജീവനക്കാരും ഡ്യൂട്ടി സമയത്തിന് 12 മണിക്കൂര്‍ മുന്‍പ് വരെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ചിട്ടുണ്ടോയെന്ന് വിമാനത്താവളത്തില്‍ പരിശോധന നടത്തും. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ മൂന്ന് മാസത്തേക്കും രണ്ടാം തവണ മൂന്ന് വര്‍ഷത്തേക്കും പൈലറ്റ് ലൈസന്‍സ് റദ്ദാക്കും. മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ പിന്നീട് വിമാനം പറത്താന്‍ അനുവദിക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam