
ഇന്‍ഡോര്‍: രാജ്യത്ത് ഇപ്പോള്‍ ഓട്ടോറിക്ഷയില്‍ പോകുന്നതിനെക്കാള്‍ ചെലവ് കുറവ് വിമാനത്തില്‍ യാത്ര ചെയ്യുന്നതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡോര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍റെ 27-ാം ഇന്‍റര്‍നാഷണല്‍ മാനേജ്മെന്‍റ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ വാദങ്ങളെ ശരിയാണെന്ന് തെളിയിക്കുന്നതിന് ഉദാഹരണങ്ങളും മന്ത്രി നിരത്തി. ഇന്‍ഡോര്‍ നിന്ന് ദില്ലി വരെ വിമാനയാത്ര ചെയ്യുന്നതിന് കിലോമീറ്ററിന് അഞ്ച് രൂപ മാത്രമേയാകുന്നുള്ളൂ. പക്ഷേ, ഈ നഗരത്തില്‍ നിങ്ങള്‍ ഒരു ഓട്ടോറിക്ഷയ്ക്ക് പോയാല്‍ എട്ട് മുതല്‍ പത്ത് രൂപ വരെ കിലോമീറ്ററിന് നല്‍കേണ്ടി വരും.
രാജ്യത്തെ വിമാനയാത്രാ നിരക്ക് കുറവായതിനാലാണ് ഇപ്പോള്‍ എല്ലാവരും ഈ മാര്‍ഗം തെരഞ്ഞെടുക്കാനുള്ള കാരണം. വള്ളി ചെരുപ്പ് ധരിക്കുന്നവര്‍ പോലും ഇപ്പോള്‍ വിമാന യാത്ര നടത്തുന്നുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞ കാര്യവും ജയന്ത് സിന്‍ഹ ഓര്‍മിപ്പിച്ചു.
നാല് വര്‍ഷം മുന്‍പ് 11 കോടി ആളുകള്‍ മാത്രമാണ് വിമാനയാത്ര നടത്തിയിരുന്നത്. ഇപ്പോള്‍ അത് 20 കോടിയായി ഉയര്‍ന്നു. അടുത്ത വര്‍ഷങ്ങളില്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം അഞ്ചിരട്ടി വര്‍ധിപ്പിച്ച് 100 കോടി ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യത്തെ സാധാരണക്കാരന് പോലും പറ്റുന്ന രീതിയില്‍ സര്‍വീസുകള്‍ നടത്താനാണ് ശ്രമിക്കുന്നത്. ഇതിലൂടെ വലിയ സാമ്പത്തിക ശക്തികളായ യുഎസിനെയും ചെെനയെയും പിന്നിലാക്കാന്‍ സാധിക്കും. ഒരുദിവസം 200 രൂപയ്ക്ക് പക്കോഡ വില്‍ക്കുന്നവരെ പോലും ജോലിയുള്ളവനായി കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ വിമര്‍ശിച്ചവര്‍ക്കെതിരെയും ജയന്ത് സിന്‍ഹ രൂക്ഷമായി പ്രതികരിച്ചു.
പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. പക്കോഡ വില്‍ക്കുന്നയാളെ ഒന്ന് സഹായിച്ചാല്‍ നാളെ മക്ഡോണാള്‍ഡ്സ് പോലെ വലിയ ഭക്ഷണ ശൃംഖല തുടങ്ങാനാകും. സംരംഭകര്‍ മുന്നോട്ട് വന്നാല്‍ വെെദ്യുതി ഉപയോഗിച്ചുള്ള ഹെലികോപ്‍ടര്‍ ടാക്സികളും എയര്‍ റിക്ഷകളും രാജ്യത്തെ വരും. ഇതോടെ ഗതാഗത കുരുക്കില്‍ നിന്ന് മോചനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam