
കോഴിക്കോട്: കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി വിഷയത്തിൽ സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് സിപിഐ തൊഴിലാളി സംഘടനയായ എ ഐ ടി യു സി. ഫാക്ടറി ഉടൻ പ്രവർത്തനം തുടങ്ങണമെന്നാവശ്യപ്പെട്ട് സി ഐ ടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ അടുത്ത മാസം കോംട്രസ്റ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും. എ ഐ ടി യു സിയുടെ നേതൃത്വത്തിൽ ചേർന്ന കണ്‍വെൻഷനിലാണ് തീരുമാനം.
പണിയെടുക്കാത്ത തൊഴിലാളികൾക്ക് മാസം 5000 രൂപ ഇടക്കാലാശ്വാസമായി നൽകാനാവില്ലെന്ന വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എ ഐ ടി യു സിയുടെ നേതൃത്വത്തിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരത്തിനിറങ്ങുന്നത്. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കാനായി 2012 ജൂലൈയിലാണ് നിയമസഭ ബില്ല് പാസാക്കിയത്.
2009ൽ നെയ്ത്ത് ഫാക്ടറി പൂട്ടിയത് മുതൽ സി പി ഐ സമര രംഗത്തുണ്ട്. 2012 ജൂലൈയിൽ ഫാക്ടറി ഏറ്റെടുത്ത് കൊണ്ട് നിയമസഭ പാസാക്കിയ ബില്ലിൽ ഫാക്ടറി പ്രവർത്തനം തുടങ്ങുന്നത് വരെ തൊഴിലാളികൾക്ക് ഇടക്കാലാശ്വസം നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ വ്യവസായ മന്ത്രിയുടെ വിവാദ പ്രഖ്യാപനത്തോടെ വിഷയം സി പി ഐ - സി പി എം തർക്കത്തിനിടയാക്കി. മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ കാനം രാജേന്ദ്രനും വിഷയത്തിലിടപെട്ടു.
കോംട്രസ്റ്റ് ഏറ്റെടുക്കാനും തൊഴിലാളികളെ സംരക്ഷിക്കാനുമുള്ള തീരുമാനം എൽ ഡി എഫിന്‍റെതാണെന്ന് ഓർമിപ്പിച്ച് കാനം വ്യവസായ മന്ത്രിയെ തള്ളി. വിഷയം എൽ ഡി എഫിൽ തന്നെ തലവേദനയായ സമയത്താണ് സമര പ്രഖ്യാപനം. നഗര മധ്യത്തിലെ കോംട്രസ്റ്റ് ഭൂമിയിൽ ചില പ്രമുഖർക്ക് കണ്ണുണ്ടെന്നും ഫാക്ടറി പ്രവർത്തനം തുടങ്ങാതിരിക്കാൻ ഭൂ മാഫിയ ഇടപെടുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ ആരോപണം.
നിയമസഭ പാസ്സാക്കിയ ഏറ്റെടുക്കൽ ബില്ലിന് 2018 ഫെബ്രുവരി 22നാണ് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയത്. ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി കെ എസ് ഐ ഡി സി അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചെങ്കിലും പിന്നീട് ഒരു നീക്കവുമുണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam