
ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ആലപ്പുഴ നഗരസഭയുടെ അന്ത്യശാസനം. ഏഴു ദിവസത്തിനുള്ളില്‍ കെട്ടിടനിര്‍മ്മാണത്തിന് ലഭിച്ച അനുമതി രേഖകള്‍ ഹാജരാക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. അല്ലാത്തപക്ഷം ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 34 കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്നും കത്തിലുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും, അതിന്റെ ചെലവ് കമ്പനിയില്‍നിന്ന് ഈടാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ആലപ്പുഴ നഗരസഭയില്‍നിന്ന് കാണാതായ രേഖകളാണ് ഹാജരാക്കാന്‍ റിസോര്‍ട്ട് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് ഇക്കാര്യം ആവശ്യപ്പെട്ട് റിസോര്‍ട്ട് കമ്പനിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ഇതിന് ഒരു പ്രതികരണവും ലഭിച്ചിരുന്നില്ല. തുടര്‍ നടപടികള്‍ നഗരസഭ സ്വീകരിക്കാതിരിക്കെയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ശക്തമായ നടപടിയുമായി ആലപ്പുഴ നഗരസഭ രംഗത്തുവന്നിരിക്കുന്നത്.
കായല്‍ കൈയ്യേറിയുള്ള തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് റവന്യൂവകുപ്പും. കഴിഞ്ഞ ദിവസം കായല്‍ കൈയ്യേറ്റം സംബന്ധിച്ചുള്ള സമഗ്രറിപ്പോര്‍ട്ട് ജില്ലാ കളക്‌ടര്‍ റവന്യൂവകുപ്പിന് കൈമാറിയിരുന്നു. ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും കളക്‌ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam