
ആലപ്പുഴ : അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന പുളിപ്പന്‍ പുല്ലുകള്‍ നെല്‍കൃഷിക്ക് ഭീഷണിയാകുന്നു. ചെന്നിത്തല, മാന്നാര്‍ പഞ്ചായത്തുകളുടെ പടിഞ്ഞാറന്‍ പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ലുകള്‍ക്കിടയിലാണ് ഇവ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്. ചെന്നിത്തല പാടശേഖരത്തിലെ അഞ്ച്, ആറു ബ്ലോക്കുകളിലാണ് ഇവ കൂടുതലായി ഉള്ളത്. അഞ്ചാം ബ്ലോക്കിലെ 350 ഏക്കറിലും ആറാംബ്ലോക്കിലെ 150 ഏക്കറിലെയും നെല്‍ക്കൃഷിക്കാണ് ഇവ ഭീഷണിയുയര്‍ത്തുന്നത്.
നിലമൊരുക്കിയപ്പോഴും നെല്ലുകള്‍ വളര്‍ന്നു തുടങ്ങിയപ്പോഴും ഇവയെ നശിപ്പിക്കുന്നതിനായി കൂടിയയിനം കളനാശിനികള്‍ പാടത്താകെ അടിച്ചെങ്കിലും മരുന്നിന്റെ ഗുണനിലവാര കുറവുകാരണമാണ് ഇവ നശിക്കാതിരിക്കുകയും തഴച്ചു വളരുകയുമായിരുന്നെന്നാണ് ആറാം ബ്ലോക്ക് പാടശേഖരം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സ്വിരം സമിതി അധ്യക്ഷന്‍ കൂടിയായ ജിനു ജോര്‍ജ് പറഞ്ഞു. മരുന്നടിച്ചിട്ടും ഇവ നശിക്കാത്ത സാഹചര്യത്തില്‍ ഇവിടുത്തെ കര്‍ഷകര്‍ അമിതമായി കൂലി കൊടുത്തു ആള്‍ക്കാരെ നിര്‍ത്തി പുളിപ്പന്‍ പുല്ലുകള്‍ പറിപ്പിച്ചു കളഞ്ഞു തുടങ്ങി.
പറിച്ചെടുത്ത പല്ലുകള്‍ പാടത്തു കൂട്ടിയിട്ടിരിക്കുകയാണ്. അന്‍പതു ദിവസം മുതല്‍പ്രായമായ നെല്‍ ചെടികളാണ് മിക്കതും. ഈ നെല്‍ചെടികള്‍ക്കു മുകളിലായി പുളിപ്പന്‍ പുല്ലുകള്‍ കുട വിരിച്ച മാതിരി വിരിഞ്ഞു നില്‍ക്കുന്നതിനാല്‍ നെല്‍ച്ചെടിക്കു മുകളിലേക്കു വളരാനാകാതെ മുരടിച്ചു നില്‍ക്കുകയാണ്. നെല്‍ച്ചെടികള്‍ വളര്‍ച്ചയെത്തിയതിനാല്‍ പറിച്ചു നടാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് ഇവിടുത്തെ കര്‍ഷകര്‍. തന്നെയുമല്ല നെല്‍മണികളുണ്ടാകുന്നതിനെ പോലും ഇവ ബാധിക്കുമെന്നാശങ്കയിലുമാണ് ഇവര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam