
ആലപ്പുഴ: ജര്‍മ്മന്‍ ടെക്‌നോളജിയില്‍ പുതുക്കിപ്പണിതതോടെ കറുത്ത മാര്‍ബിള്‍ വിരിച്ചതുപോലെ തിളങ്ങുകയാണ് ആലപ്പുഴ ദേശീയപാത. റോഡിന്റെ സൗന്ദര്യത്തില്‍ മതിമറന്ന് വാഹനങ്ങള്‍ അമിതവേഗതയില്‍ ചീറിപായുന്നത് മൂലം റോഡ് കുരുതികളമാകുന്നത് പതിവാകുന്നു. കഴിഞ്ഞ പതിനൊന്നുമാസത്തിനിടെ ആയിരത്തിലധികം അപകടങ്ങളാണ് ദേശീയപാതയില്‍ മാത്രം ഉണ്ടായത്. ഇതുവരെ പൊലിഞ്ഞത് 190 ജീവനുകള്‍. ഗുരുതരമായി പരിക്കേറ്റവരേറെ. അരൂര്‍ മുതല്‍ കായംകുളം വരെയുള്ള 95 കിലോമീറ്റര്‍ റോഡ് പതിവ് അപകടമേഖലയാണ്. അപകടങ്ങളേറെയും പുലര്‍ച്ചെയാണ്. അതിരാവിലെ തിരക്ക് കുറവായതിനാല്‍ കണ്ണുമടച്ച് വാഹനങ്ങള്‍ ചീറിപായുന്നതാണ് കാരണം. ഡ്രൈവിംഗിനിടെ ഉറങ്ങിപോകുന്നതും അപകട നിരക്ക് കൂട്ടുന്നു. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടുകൂടി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ വരവ് വര്‍ദ്ധിച്ചതും അപകട നിരക്ക് വര്‍ദ്ധിക്കാനിടയാക്കി.
ഏറ്റവും കൂടുതല്‍ അപകടമുണ്ടായതും യാത്രക്കാര്‍ കൊല്ലപ്പെട്ടതും കഴിഞ്ഞമാസമാണ്. 116 അപകടങ്ങളിലായി 24 ജീവനുകളാണ് ഇല്ലാതായത്. കണക്കുകകള്‍ പരിശോധിക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ പാതയില്‍ ഒരു മരണമെങ്കിലും നടക്കുന്നുവെന്ന് വ്യക്തം. റോഡിന്റെ ഘടനയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാണ്. കഴിഞ്ഞ ദിവസം ബസിനെ മറികടന്ന കാര്‍ മറ്റൊരു കാറിലിടിച്ച് യുവാവ് മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുമ്പോളിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാകട്ടെ, കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
പാതവഴിയില്‍ നിലച്ച ജീവിതങ്ങള്‍
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ചേര്‍ത്തലയ്ക്കും - കലവൂരിനുമിടെ 20 ലധികം വാഹനാപകടങ്ങളാണ് നടന്നത്. 7 ജീവനാണ് പൊലിഞ്ഞത്. 34 പേര്‍ക്ക് ചെറുതും വലുതുമായ പരിക്കുകള്‍ ഏറ്റു. പലരും ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. കഴിഞ്ഞ 20 ന് ചേര്‍ത്തല 11-ാം മൈലിന് സമീപം ടെമ്പോട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ ജീവനക്കാരനായ കഞ്ഞിക്കുഴി നാലാം വാര്‍ഡ് ശിവകൃപയില്‍ സുരേഷ് ( 43) ആണ് അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന വാനിടിച്ച് തല്‍ക്ഷണം മരിച്ചത്. 26 ന് രാത്രി മാരാരിക്കുളം ഗാന്ധി സ്മാരകം ജംഗ്ഷന് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു. എറണാകുളം കളമശേരി സ്വദേശിനിയായ ജിഷ (30) ആണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് അപകടങ്ങളും രാത്രിയാണ് നടന്നത്. മഴ പെയ്തതിന് ശേഷമായിരുന്നു അപകടങ്ങള്‍. 20 ന് കലവൂര്‍ കെഎസ്ഡിപിയ്ക്ക് സമീപം ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കലവൂര്‍ പൊള്ളേത്തൈ സ്വദേശി ടി.എസ്.ഷാജി ( 45) 27 ന് മരിച്ചു. അമിത വേഗതയില്‍ എത്തിയ വാന്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 26 ന് ചേര്‍ത്തല 11-ാം മൈല്‍ കവലയ്ക്ക് വടക്ക് ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരനായ വയോധികന്‍ പിറ്റേന്ന് മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 19-ാം വാര്‍ഡ് മരുത്തോര്‍വട്ടം പുത്തന്‍പുരയ്ക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ (58) ആണ് മരിച്ചത്. 11-ാം മൈല്‍ ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചതാണ് ഒടുവിലത്തെ അപകട മരണം. കവലയിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന കഞ്ഞിക്കുഴി ചെറുവാരണം മുനിവെളി ശിവറാം (62), കാറിലെ യാത്രക്കാരനായ വിമുക്ത ഭടന്‍ തണ്ണീര്‍മുക്കം കളത്തറ വീട്ടില്‍ ഹാരീസ് (55) എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ക്കും ബസിലെ യാത്രക്കാരനും അപകടത്തില്‍ പരിക്കേറ്റു.
അപകട മരണത്തിന്റെ കണക്കിങ്ങനെ
മാസം - അപകടം - മരണം
ജനുവരി - 84 - 14
ഫെബ്രുവരി - 85 - 15
മാര്‍ച്ച് - 81 - 16
ഏപ്രില്‍ - 109 - 15
മേയ് - 110 - 21
ജൂണ്‍ - 64 - 16
ജൂലായ് - 88 - 18
ആഗസ്റ്റ് - 98 - 17
സെപ്തംബര്‍ - 111 - 19
ഒക്ടോബര്‍ - 94 - 12
നവംബര്‍ - 116 - 24
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam