
കോഴിക്കോട്: ചെമ്പുകടവ് ഗവ.യുപി സ്‌കൂളില്‍ നിന്ന് പഠനയാത്രക്ക് പോയ ബസില്‍ മദ്യക്കുപ്പി കണ്ടെത്തിയെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ പ്രതിഷേധം. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ താമരശേരി എഇഒ മുഹമ്മദ് അബ്ബാസിനെ സമരക്കാര്‍ തടഞ്ഞു. യാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകരായ വി.പി കരുണന്‍, ജി.എസ് ഹരിപ്രസാദ്, ഓഫിസ് അറ്റന്‍ഡന്റ് പി.ടി നിധിന്‍ എന്നിവരോട് മൂന്ന് ദിവസത്തെ നിര്‍ബന്ധിത അവധിയെടുക്കാന്‍ എഇഒ മുഹമ്മദ് അബ്ബാസ് നിദേശം നല്‍കി.
ശനിയാഴ്ച രാവിലെയാണ് കണ്ണൂര്‍ വിസ്മയ പാര്‍ക്ക് കാണാന്‍ പഠനയാത്ര പോയത്. മടങ്ങിവരുന്ന വഴിയെ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി മാഹിയില്‍ വാഹനം നിര്‍ത്തിയിരുന്നു. നാട്ടിലേക്ക് തിരിക്കുന്നതിനിടെ അഴിയൂര്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ കുട്ടികളുടെ ബാഗില്‍ ഒളിപ്പിച്ച മദ്യക്കുപ്പി കണ്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കുട്ടികള്‍ക്ക് മാതൃക കാണിച്ചുകൊടുക്കേണ്ട നിങ്ങളാണോ ഇത് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായും കുട്ടികള്‍ പറയുന്നു. ഈ വിവരം വീട്ടിലെത്തിയ കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചത്. പിന്തുണയുമായി യുഡിഎഫും രംഗത്തെത്തിയതോടെ സമരം ചൂടുപിടിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ പരാതിയെ തുടര്‍ന്ന് എഇഒ സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്ന് അറിയിച്ച് മടങ്ങുകയായിരുന്ന എഇഒയെ സമരക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജീവനക്കാരോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ എഇഒ നിര്‍ദേശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam