ആലിബാബയുടെ തലവന്‍ ജാക്ക് മാ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് പീപ്പിള്‍സ് ഡെയ്ലി

By Web TeamFirst Published Nov 28, 2018, 4:21 PM IST
Highlights

പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്ലിയിലാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. ലോകസമ്പന്ന പട്ടികയിലുള്ള കോടീശ്വരന്‍ കൂടിയാണ് ജാക്ക് മാ. ഫോബ്സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചൈനയിലെ കോടീശ്വരന്‍മാരില്‍ ഒന്നാമനാണ് ജാക്ക് മാ. 

ബെയ്ജിങ്:  ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമെന്ന് പാര്‍ട്ടി പത്രത്തിന്റെ വെളിപ്പെടുത്തല്‍. പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്ലിയിലാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. ലോകസമ്പന്ന പട്ടികയിലുള്ള കോടീശ്വരന്‍ കൂടിയാണ് ജാക്ക് മാ. ഫോബ്സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചൈനയിലെ കോടീശ്വരന്‍മാരില്‍ ഒന്നാമനാണ് ജാക്ക് മാ. അടുത്ത വര്‍ഷത്തോടെ ആലിബാബയുടെ സാരഥി സ്ഥാനത്ത് നിന്ന് മാറുമെന്ന് കഴിഞ്ഞ സെപ്തംബറിലാണ് പ്രഖ്യാപിച്ചത്.

എന്നാല്‍ ജാക്ക് മാ പാര്‍ട്ടി അംഗമാണെന്ന് ഇപ്പോൾ പുറത്തുവിടാനുള്ള കാരണം വ്യക്തമല്ല. എന്നാൽ ജാക്ക് മായുടെ അംഗത്വം പുറത്തുവിടുന്നതിലൂടെ പാർട്ടിയുടെ മൂല്യങ്ങൾക്കനുസരിച്ച് രാജ്യത്തെ കോര്‍പ്പറേറ്റുകളേയും സ്വകാര്യ സംരംഭകരേയും സ്വാധീനിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.  അതേസമയം ജാക്ക് മാ എന്ന് മുതലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത് എന്ന് പാര്‍ട്ടി പത്രത്തിൽ വ്യക്തമാക്കിയിട്ടില്ല.   മായുടെ രാഷ്ട്രീയ പ്രവേശനം ഏവരേയും അത്ഭുതപ്പെടുത്തിരിക്കുകയാണ്. അതേസമയം പീപ്പിള്‍സ് ഡെയ്‌ലിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ആലി ബാബ വിസമ്മതിച്ചു.  
 
ജാക്ക് അടക്കം 100 പ്രമുഖരുടെ പട്ടികയാണ് പീപ്പീള്‍സ് ഡെയ്‌ലി പുറത്തുവിട്ടത്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം ബെയ്ഡുവിന്റെ എക്‌സിക്യൂട്ടീവ് തലവനായ റോബിന്‍ ലി, ടെന്‍സെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ പോണി മാ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ബെയ്ഡു, ആലിബാബ, ടെന്‍സെന്റ് എന്നിവ ചൈനയിലെ ഏറ്റവും വലിയ ടെക് കമ്പനികളാണ്.  ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക്ക് മായ്ക്ക് 40.2  ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 2.53 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. 

click me!