
"അവളെ മിസ് ചെയ്യുകയാണ്. ഹവായിലെ ഒരു കപ്പലിൽ ഒരുക്കിയ അത്താഴവിരുന്നിലാണ് ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാകുന്നത്".... 13 വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ സുഹൃത്തിനെ കണ്ടെത്തുന്നതിനായി സഹായമഭ്യർത്ഥിച്ച് യുവതി ചെയ്ത ട്വീറ്റാണിത്. ട്വീറ്റ് ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ സന്ദേശവുമായി ഉറ്റ സുഹൃത്ത് യുവതിയുടെ മുന്നിലെത്തി.
പുതിയ സൗഹൃദങ്ങളുണ്ടാക്കാനും പഴയ ആളുകളെ തിരഞ്ഞ് കണ്ടുപിടിക്കാനും സാമൂഹ്യ മാധ്യമങ്ങളെക്കാളും മികച്ച മറ്റൊരു സ്ഥലമില്ല. കൂടെ പഠിച്ചവരോ ഒപ്പം കളിച്ച് വളർന്നവരോ പലകാരണങ്ങൾക്കൊണ്ട് പിരിഞ്ഞവരോ വർഷങ്ങൾ കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടുന്ന ഇടമാണ് ഫേസ്ബുക്കും ട്വിറ്ററുമെല്ലാം.
അതിവേഗത്തിൽ സുഹൃത്തുക്കളെ കണ്ടെത്താൻ ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നതും ഫേസ്ബുക്കും ട്വിറ്ററും പോലുള്ള പ്ലാറ്റ്ഫോമുകൾ തന്നെയാണ്. ബ്രിയന്നയ്ക്ക് തന്‍റെ സുഹൃത്തിലേക്ക് വീണ്ടുമെത്താനുള്ള പാത ഒരുക്കിയതും ട്വിറ്റര്‍ തന്നെ.
13 വർഷങ്ങൾക്ക് മുമ്പ് ഹവായിലെ ഒരു കപ്പലിൽ ഒരുക്കിയ അത്താഴവിരുന്നിലാണ് ബ്രിയന്ന തന്റെ കൂട്ടുകാരി ഹെയ്ദി ഹിയി ട്രാനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഒറ്റ രാത്രി കൊണ്ട് തന്നെ ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. ആ അത്താഴവിരുന്നോടെ ഇരുവരും തമ്മിൽ പിരിഞ്ഞെങ്കിലും വർഷങ്ങൾക്കുശേഷം വീണ്ടും അവർ ഒന്നിച്ചു. അത് എങ്ങനെയാണന്നല്ലേ...
തന്‍റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് യുഎസിലെ മിസിസിപ്പിയിൽ നിന്ന് ബ്രിയന്ന ക്രൈ എന്ന പത്തൊന്‍പതുകാരി ട്വീറ്റ് ചെയ്തത്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന പഴയ ചിത്രം സഹിതമാണ് ബ്രിയന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.
"ഹായ് ട്വിറ്റർ, 2006ൽ ഹവായിൽ വച്ച് ഒരു കപ്പലിൽ ഒരുക്കിയ അത്താഴവിരുന്നിലാണ് ഞാൻ ഈ പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. അന്ന് ഒറൊറ്റ രാത്രികൊണ്ട് തന്നെ ഞങ്ങൾ അടുത്ത കൂട്ടുകാരായി. എന്റെ സുഹൃത്തിനെ കണ്ടെത്താൻ നിങ്ങൾ എല്ലാവരുടേയും സഹായം എനിക്കാവശ്യമാണ്. കാരണം എനിക്കിപ്പോൾ അവളെ മിസ്സ് ചെയുന്നുണ്ട്. അവൾ ഇപ്പോൾ എങ്ങനെയാണെന്ന് എനിക്ക് കാണണം. ദയവായി ഇത് റീട്വീറ്റ് ചെയ്യണം". വളരെ മനോഹരമായി ചിത്രത്തോടെ ബ്രിയന്ന ട്വീറ്റ് അവസാനിപ്പിച്ചു.
എന്നാൽ, ഇത്രയും പെട്ടെന്ന് തന്റെ ട്വീറ്റിന് മറുപടി ലഭിക്കുമെന്ന് ബ്രിയന്ന പ്രതീക്ഷിച്ചു കാണില്ല. ട്വീറ്റ് ചെയ്ത് അഞ്ച് മണിക്കൂറ് കഴിഞ്ഞ് ബ്രിയന്നയ്ക്ക് തന്റെ ബാല്യകാല സുഹൃത്ത് ഹിയി സന്ദേശമയച്ചിരിക്കുകയാണ്. എന്നെ അന്വേഷിച്ച് നടക്കുകയാണെന്ന് അറിഞ്ഞു എന്നായിരുന്നു ഹിയി എന്ന പതിനെട്ടുകാരി ബ്രിയന്നയുടെ ട്വീറ്റിന് റിട്വീറ്റ് ചെയ്തത്.
എന്നാൽ, യഥാർത്ഥ ജീവിതത്തിൽ ഇരുവരും തമ്മിൽ കാണുമോ എന്നറിയില്ല. രാജ്യത്തെ രണ്ട് അറ്റങ്ങളിലായി കഴിയുന്ന ഇരുവരും തമ്മിൽ കണ്ടുമുട്ടട്ടെയെന്നാണ് ട്വീറ്റിന് പ്രതികരണമായി ആളുകൾ പ്രതികരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam