അലിഗഡ് സർവകലാശാല ഭീകരരുടെ കേന്ദ്രമാണ്; വിവാദ പ്രസ്താവനയുമായി ആ​ഗ്ര മേയർ

By Web TeamFirst Published Feb 3, 2019, 10:32 AM IST
Highlights

വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് രാജ്യ​ദ്രോഹ പ്രവർത്തികൾ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നില്ലെങ്കിലും അവർക്കിടയിലെ രാജ്യദ്രോഹപരമായ ചിന്തകൾ  വളർത്തിയെടുക്കുന്നതിന് സർവകലാശാല പ്രോത്സാഹനം നൽകുന്നുണ്ടെന്നും ജെയ്ൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അലിഗഡ്: അലിഗഡ് സർവകലാശാല ഭീകരരുടെ കേന്ദ്രമാണെന്ന് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ആ​ഗ്ര മേയറുമായ നവീൻ ജെയ്ൻ. വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് രാജ്യ​ദ്രോഹ പ്രവർത്തികൾ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നില്ലെങ്കിലും അവർക്കിടയിലെ രാജ്യദ്രോഹപരമായ ചിന്തകൾ  വളർത്തിയെടുക്കുന്നതിന് സർവകലാശാല പ്രോത്സാഹനം നൽകുന്നുണ്ടെന്നും ജെയ്ൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സർവകലാശാല വിദ്യാർത്ഥി കൗൺസിൽ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ക്യാമ്പസിനകത്തുവച്ച് കാവി കൊടി കത്തിച്ചിരുന്നു. സർവകലാശാലയിൽ ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ നിലനിൽക്കുന്നുണ്ട്. ‌ക്യാമ്പസ് ഭീകരരുടെ കേന്ദ്രമായി മാറുകയാണെന്നും ജെയ്ൻ പറഞ്ഞു. സർവകലാശാലയിലെ വിദ്യാർത്ഥികൾ ദേശീയ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥികൾ ഭീകരവാദ സംഘടനകളിൽ ചേർന്നിട്ടുണ്ടെന്നും ജെയ്ൻ കൂട്ടിച്ചേർത്തു.    

അതേസമയം സർവകലാശാലയുടെ പേര് മാറ്റണമെന്ന നിർദ്ദേശവും ജെയ്ൻ മുന്നോട്ട് വച്ചു. മതത്തിന്റെ പേരിലുള്ള ഒരു സർവകാലാശാലയും ഇന്ത്യയിൽ ഇല്ല. എന്നാൽ ബനാറസ് ഹിന്ദു സര്‍വകലാശാല മതപരമായ സ്ഥാപനമല്ലെന്നും സർവകലാശാല ഹിന്ദുത്വ നിലപാടാണ് കൈക്കൊള്ളുന്നതെന്നതിന് യാതൊരു തെളിവുമില്ലെന്നും ജെയ്ൻ പറഞ്ഞു.
 
ബനാറസ് സര്‍വകലാശാല ഹിന്ദു പരമ്പര്യമനുസരിച്ചാണ് സ്ഥാപിച്ചത്. പേരും ഹിന്ദു പരമ്പര്യമനുസരിച്ചാണ് നൽകിയിരിക്കുന്നത്. എന്നാൽ അലി​ഗഡ് സർവകലാശാല മുസ്ലിം രേഖകൾ മുൻനിർത്തിയല്ല സ്ഥാപിച്ചിരിക്കുന്നത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ന്യൂനപക്ഷ സ്‌ഥാപനമാണെന്നും ജെയ്ൻ കൂട്ടിച്ചേർത്തു. 
 
അതേസമയം മെയറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. തങ്ങളെ ഭീകരവാദികൾ എന്ന് വിളിച്ച മേയർ മാപ്പ് പറയണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.  

click me!