
മോസ്‌കോ: ക്രൊയേഷ്യന്‍ ഫുട്‌ബോളിനെ ചരിത്രനേട്ടത്തിലെത്തിച്ചിരിക്കുകയാണ് അവരുടെ സുവര്‍ണ തലമുറ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ വിപ്ലവത്തിന് ഒറ്റ ജയം അകലെയാണ് ലൂക്ക മോഡ്രിച്ചും സംഘവും. ബഹളങ്ങളില്ലാതെ വന്നവരാണ് ക്രോട്ടുക്കാര്‍. അതും പ്ലേ ഓഫ് കളിച്ചശേഷം. നിശബ്ദരായി കളി മെനഞ്ഞ്, ക്ഷമയോടെ കാത്തിരുന്ന് ക്രൊയേഷ്യ അവരുടെ എക്കാലത്തെയും വലിയ നേട്ടത്തിലേക്കെത്തുന്നു. ഈ കുതിപ്പ് അത്ഭുതമെന്ന് അവരെ അറിയുന്നവരാരും പറയാനിടയില്ല.
അര്‍ജന്റീനയും ഇംഗ്ലണ്ടും അവസാനമായി ലോകകപ്പ് നേടുമ്പോള്‍ ക്രൊയേഷ്യയെന്ന രാജ്യമില്ല. 1991ന് ശേഷം ഫുട്‌ബോളില്‍ യുഗോസ്ലാവിയയുടെ യഥാര്‍ഥ പിന്‍മുറക്കാരായി വിലാസമുണ്ടാക്കി ക്രൊയേഷ്യ. അസാധ്യമെന്നൊന്ന് ഇല്ലെന്ന് ആദ്യ ലോകകപ്പില്‍ ഡേവര്‍ സുകേറും സംഘവും ലോകത്തോട് പറഞ്ഞു. മൂന്നാം സ്ഥാനവുമായി ഫ്രാന്‍സില്‍ നിന്ന് മടങ്ങി.
പിന്നീട് കറുത്ത കുതിരകളുടെ മറ്റൊരു പേരായി ക്രൊയേഷ്യ പക്ഷേ. ഫ്രാന്‍സ് ലോകകപ്പിന്റെ മധുരസ്മരണകള്‍ അയവിറക്കാന്‍ മാത്രമായി വിധി. എന്നാല്‍ കളത്തിലെന്നപോലെ കാത്തിരുന്നു. ലൂക്ക മോഡ്രിച്ച്, പെരിസിച്ച്, മാന്‍സുകിച്ച്, റാക്കിടിച്ച്.... റഷ്യയില്‍ അവരുടെ മധ്യനിരയുടെ കരുത്തറിഞ്ഞത് ആദ്യ ടീം അര്‍ജന്റീനയാണ്.
പിന്നീട് തുടര്‍ച്ചയായി തുടര്‍ച്ചയായി രണ്ട് ഷൂട്ടൗട്ടുകളെ അതിജീവിച്ചു. ഡെന്‍മാര്‍ക്കിനും റഷ്യക്കുമെതിരെ. ഇംഗ്ലണ്ടിനോട് തുടക്കത്തില്‍ പിന്നിലായെങ്കിലും പതിവുപോലെ കാത്തിരുന്ന് തിരിച്ചടിച്ച് മുന്നേറ്റം. ദേശീയ ഫുട്‌ബോള്‍ ലീഗില്‍ ശരാശരി മൂവായിരം കാണികള്‍ മാത്രമുളള രാജ്യം ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നു. വിജയദാഹവുമായുളള മൈതാനത്തെ കാത്തിരിപ്പാണ് റഷ്യയിലുടനീളം ക്രൊയേഷ്യയുടെ മുദ്ര. പോസിറ്റീവ് ഫുട്‌ബോളിന്റെ വക്താക്കളാകുന്നു. തരം കിട്ടുമ്പോള്‍ ഗോളടിക്കുന്നു. ജയിക്കുന്നു.. ക്രൊയേഷ്യ കാത്തിരിക്കുന്നു.. ഞായറാഴ്ചയിലേക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam