മുഴുവൻ സ്കൂളുകളും അടുത്ത അധ്യയന വര്‍ഷത്തില്‍ ഹെെടെക് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published Dec 8, 2018, 7:25 PM IST
Highlights

ഇന്ത്യയിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസ രംഗം പൂര്‍ണമായും ഡിജിറ്റലാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള ശ്രമത്തിലാണ് കേരളം. 45,0000 ക്ലാസ് മുറികൾ നിലവിൽ ‍ഹൈടെക്ക് ആക്കി

മാവേലിക്കര: അടുത്ത അധ്യയന വര്‍ഷം മുതൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും ഹൈടെക് ആക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. നാല് മാസത്തിനകം എൽപി, യുപി സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികളൊരുക്കും.

ഇതിനുള്ള തയാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസ രംഗം പൂര്‍ണമായും ഡിജിറ്റലാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള ശ്രമത്തിലാണ് കേരളം. 45,0000 ക്ലാസ് മുറികൾ നിലവിൽ ‍ഹൈടെക്ക് ആക്കി.

ഹൈസ്കൂൾ, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിൽ മാത്രമാണ് ഇപ്പോള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളുള്ളത്. ഇത് എൽപി, യുപി ക്ലാസുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി മാവേലിക്കര ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളുള്ള കെട്ടിട നിര്‍മ്മാണത്തിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റി അക്കാദമിക മികവാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര മണ്ഡലത്തിൽ 14 സ്കൂളുകളിൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥിനി സൗഹൃദ മുറിയും വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു.

click me!