'കിത്താബ്' അവതരിപ്പിക്കാൻ വേദിയൊരുക്കും; എസ്എഫ്ഐ

By Web TeamFirst Published Dec 8, 2018, 6:33 PM IST
Highlights

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സച്ചിൻ ദേവ് കിത്താബിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി വേദിയൊരുക്കുമെന്ന് സച്ചിൻ ദേവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 

തിരുവനന്തപുരം: വി​വാ​ദമായതിനെത്തുടർന്ന് കോഴിക്കോട് റ​വ​ന്യൂ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽനിന്ന് പിൻവലിച്ച നാ​ട​കം കിത്താബ് അവതരിപ്പിക്കാൻ വേദിയൊരുക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സച്ചിൻ ദേവ് കിത്താബിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി വേദിയൊരുക്കുമെന്ന് സച്ചിൻ ദേവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കിത്താബ് അടച്ചു വെക്കേണ്ടതല്ല, തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്. കിത്താബിന്റെ ചർച്ചകൾ കോഴിക്കോട് ജില്ല കലോത്സവവേദിയിൽനിന്നും തുടങ്ങിയപ്പോൾ തന്നെ അർത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങൾ. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേർക്കുന്നു. വിദ്യാർത്ഥികൾ അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി എസ്എഫ്ഐ വേദിയൊരുക്കും. ഒപ്പം ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ഇനിയും ഏറ്റെടുക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. 

കിത്താബിനെ പിന്തുണച്ച് ഡിവൈഎഫ്ഐയും നേരത്തെ രം​ഗത്തെത്തിയിരുന്നു. നാടകത്തിനെതിരെ കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നാടകം ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മത്സരത്തിൽനിന്ന് കിത്താബ് പിൻവലിച്ചത്. വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചത്.  മുസ്ലിം സ്ത്രീകളെ പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നതാണ് കിത്താബ് എന്ന നാടകത്തിന്‍റെ പ്രമേയം.   

click me!