ശബരിമല ഹര്‍ജികളിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി

By Web TeamFirst Published Feb 6, 2019, 5:41 AM IST
Highlights

ശബരിമല പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കുന്നു. ആകെ 65 ഓളം ഹർജികളാണ് കോടതിയ്ക്ക് മുന്നിലുള്ളത്.

ദില്ലി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി പരിഗണിക്കുകയാണ്. പുനഃപരിശോധനാ ഹര്‍ജികൾക്കൊപ്പം റിട്ട് ഹർജികളുമാണ്  പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എൻഎസ്എസ്സിന് വേണ്ടി അഡ്വ. കെ പരാശരനാണ് ഇപ്പോൾ വാദിയ്ക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി നടപടികൾക്ക് കേരളത്തിന്‍റെ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യവുമുണ്ട്.

അറുപതിലേറെ ഹർജികളുണ്ട് ശബരിമല കേസിൽ ഭരണഘടനാ ബഞ്ചിന്‍റെ പരിഗണനയ്ക്ക് . 55 പുനഃപരിശോധനാ ഹർജികൾ, നാല് പുതിയ റിട്ട് ഹർജികൾ, രണ്ട് ട്രാൻസ്ഫർ ഹർജികൾ, ദേവസ്വം ബോർഡിന്‍റെ സാവകാശ അപേക്ഷ എന്നിവ  പരിഗണിക്കുന്ന ഹർജികളിൽ ഉൾപ്പെടുന്നു. അതേസമയം കോടതിയലക്ഷ്യ ഹർജികളൊന്നും പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടില്ല.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കങ്ങൾ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടയിൽ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളുമെല്ലാം ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലായിരുന്നതിനാൽ പുനഃപരിശോധന ഹര്‍ജികളിലെയും റിട്ട് ഹര്‍ജികളിലെയും തീരുമാനം നീണ്ടുപോയി. 

ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ  കോടതി നടപടികൾ നിര്‍ണായകമാകും. യുവതി പ്രവേശനത്തോട് യോജിക്കുന്ന ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിയിൽ ഉറച്ചുനിന്നാൽ എല്ലാ ഹര്‍ജികളും തള്ളിപ്പോകും. അതല്ല, കേസ് വിശദമായി വീണ്ടും വാദം കേൾക്കാം എന്ന് കോടതി തീരുമാനിക്കുകയാണെങ്കിൽ കേസിലെ കക്ഷികൾക്ക് കോടതി നോട്ടീസ് അയക്കും. അതോടെ സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയാകും. അതല്ല വിപുലമായ ഭരണഘടന ബെഞ്ച് കേസ് പരിശോധിച്ച് തീരുമാനിക്കട്ടേ എന്ന് വന്നാൽ രണ്ട് ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തി കേസ് ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് മാറാം. 

വിശ്വാസത്തിനുള്ള ഭരണഘടന അവകാശം സംരക്ഷിക്കുന്നതല്ല വിധി എന്നാണ് ഏതാണ്ട് എല്ലാ ഹര്‍ജികളിലും പറയുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുകുൾ റോത്തക്കി, കപിൽ സിബൽ തുടങ്ങി സുപ്രീംകോടതിയിലെ ഭൂരിഭാഗം മുതിര്‍ന്ന അഭിഭാഷകരും ഇന്ന് കോടതിയിലെത്തും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. ശബരിമലയിൽ മണ്ഡല കാലത്ത് ദര്‍ശനം നടത്തിയ യുവതികളുടെ പുതിയ പട്ടികയും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയിൽ നൽകിയേക്കും.

click me!