
ചെന്നൈ: തമിഴ്നാട്ടിൽ പുഴകളിൽ നിന്നുള്ള സ്വകാര്യമണലെടുപ്പ് സർക്കാർ നിരോധിച്ചു. സംസ്ഥാനത്തെ സ്വകാര്യമണൽക്വാറികൾ സർക്കാർ ഏറ്റെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ചു. സർക്കാരിനും ശശികല കുടുംബത്തിനുമെതിരെ പ്രചാരണവുമായി ഒ പനീർശെൽവം സംസ്ഥാനപര്യടനം തുടങ്ങിയ അതേ ദിവസമാണ് പളനിസ്വാമിയുടെ പ്രഖ്യാപനം.
മണലൂറ്റ് നിരോധനത്തിലും രാഷ്ട്രീയപ്പോരാണ് തമിഴ്നാട്ടിൽ. മധുരയിൽ ഒരു ദിവസം നീണ്ട പൊതുപരിപാടികൾക്കൊടുവിൽ അപ്രതീക്ഷിതമായാണ് സ്വകാര്യമണലെടുപ്പ് നിരോധിയ്ക്കുന്നതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചത്.
പരിസ്ഥിതിനാശവും വരൾച്ചയും ചൂണ്ടിക്കാട്ടി, കാലക്രമേണ മണലുപയോഗം പൂർണമായും നിർത്തി, നിർമ്മാണപ്രവർത്തനങ്ങൾക്കായി എം സാൻഡ് ഉപയോഗിയ്ക്കണമെന്ന് പളനി സ്വാമി ആഹ്വാനം ചെയ്തെങ്കിലും ആ പ്രഖ്യാപനം രാഷ്ട്രീയലക്ഷ്യം മുന്നിൽക്കണ്ടുതന്നെയായിരുന്നു. പ്രാദേശികതെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടിയുടെ പ്രചാരണവുമായി ഒ പനീർശെൽവം സംസ്ഥാനപര്യടനം തുടങ്ങിയ അതേ സമയത്തായിരുന്നു എടപ്പാടിയുടെ പ്രഖ്യാപനവും.
മണൽ ഖനനവ്യവസായി ശേഖർ റെഡ്ഡിയുമായി ഒ പനീർശെൽവത്തിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ ആരോപണമുയർന്നിരുന്നതാണ്. കാഞ്ചീപുരത്തെ പൊതുസമ്മേളനത്തിൽ ഒപിഎസ് ശശികലയ്ക്കും എടപ്പാടിയ്ക്കുമെതിരെ ശക്തമായി തിരിച്ചടിച്ചു. ഇതോടെ പരസ്പരം പോരടിച്ചു നിൽക്കുന്ന അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളും തമ്മിലുള്ള ലയനം ഉടൻ നടക്കാൻ സാധ്യതയില്ലെന്നുമുറപ്പായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam