എന്താണ് അഗസ്ത വെസ്റ്റ് ലാന്‍റ് ഇടപാട്; ഈ കേസില്‍ സോണിയ കുടുങ്ങുമോ?

By NewsableFirst Published Apr 28, 2016, 11:31 PM IST
Highlights

എന്താണ് അഗസ്ത വെസ്റ്റ്ലാന്‍റ് ഇടപാടില്‍ സോണിയ ഗാന്ധിയുടെ പേര് ഉയര്‍ന്ന് വരുന്നത്?

അഗസ്ത വെസ്റ്റ്ലാന്‍റ് എന്നത് ഒരു ബ്രിട്ടീഷ് കമ്പനിയാണ്, ഇവരുടെ ഉടമകളാണ് ഇറ്റാലിയന്‍ വ്യവസായ ഗ്രൂപ്പായ ഫിന്‍മെക്കാനിക്ക, വ്യോമയാന സാങ്കേതിക വിദ്യ നിര്‍മ്മാതക്കള്‍ എന്നതിന് പുറമേ ലോകത്ത് തന്നെ പ്രതിരോധ വ്യോമയാന വാഹന നിര്‍മ്മാതക്കളിലെ മുന്‍നിരക്കാരാണ് ഇവര്‍. 2010ല്‍ ഇവര്‍ ഇന്ത്യയിലെ യുപിഎ സര്‍ക്കാറുമായി അഗസ്ത വെസ്റ്റ്ലാന്‍റ് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങുവാന്‍ കരാര്‍ ഉണ്ടാക്കി. ഈ കരാറിന് പിന്നിലെ ഇടപാടുകളില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്നാണ് വാദം.

കോടികളുടെ ഇടപാട്

യുപിഎ സര്‍ക്കാര്‍ അഗസ്ത വെസ്റ്റ്ലാന്‍റ് കരാര്‍ ഒപ്പിടുന്നത് 2010 ഫെബ്രുവരിയിലാണ്. 12 എഡബ്യൂ101 സീരിസ് ഹെലികോപ്റ്ററുകള്‍ വാങ്ങുവനായിരുന്നു കരാര്‍, ഇതിന് വേണ്ടിവരുന്ന തുക 3727 കോടി രൂപയും.

ഇതിലെ വിവാദം

അഗസ്തവെസ്റ്റ്ലാന്‍റിന്‍റെ മാതൃകമ്പനി ഫിന്‍മെക്കാനിക്ക ഈ കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ 'ബന്ധപ്പെട്ടവരെ' തങ്ങള്‍ സ്വദീനിച്ചിരുന്നു എന്നും, ഇതിനായി 375 കോടി ചിലവാക്കിയതായും വെളിപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഈ ബന്ധപ്പെട്ടവരില്‍ പ്രമുഖ രാഷ്ട്രീയനേതാക്കളും, വ്യോമസേന ഉദ്യോഗസ്ഥരും മുതല്‍ മാധ്യമപ്രവര്‍ത്തകര്‍വരെയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതിന് ശേഷമാണ് മൂന്ന് കൊല്ലം മുന്‍പ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഫിന്‍മെക്കാനിക്കയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. 

ഇപ്പോഴത്തെ വിവാദം

ഈ അന്വേഷണത്തില്‍ ഇറ്റാലിയന്‍ കോടതിയിലെ വിധിയാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണം, വിധി ന്യായത്തില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി, അദ്ദേഹത്തിന്‍റെ രണ്ടു സഹോദരങ്ങള്‍, സോണിയാഗാന്ധി, സോണിയയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കൈക്കൂലി കൊടുത്തു എന്ന ആരോപണത്തിന് വിധേയരായ
ഫിന്‍മെക്കാനിക്ക അഗസ്ത വെസ്റ്റ്ലാന്‍റ് ഉന്നതര്‍ ഗ്ലുസ്പീ ഒറാസീ, ബ്രൂണോ സ്പ്ലെഗോണി എന്നിവര്‍ ഇതിനകം ഇറ്റാലിയന്‍ ജയിലിലാണ്.

എന്താണ് കൃത്യമായ തെളിവ്?

ഫിന്‍മെക്കാനിക്ക അഗസ്ത വെസ്റ്റ്ലാന്‍റ് ഉന്നതര്‍ ഗ്ലുസ്പീ ഒറാസീ, ബ്രൂണോ സ്പ്ലെഗോണി എന്നിവര്‍ കരാറിന്‍റെ ഇടനിലക്കാരെന്ന് പറയപ്പെടുന്ന കാര്‍ലോ ജെറോസ, ഗൂഡോ റാള്‍ഫ് ഹാഷ് എന്നിവരുമായി നടത്തിയ സംഭഷണങ്ങളുടെ റെക്കോഡുകള്‍ കോടതി പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ഗൂഡോ തയ്യാറാക്കിയ ചില കുറിപ്പുകളും തെളിവായി കോടതി പരിശോധിച്ചു. ഈ കുറിപ്പുകളില്‍ ഇന്ത്യന്‍ നേതാക്കളുടെയും വ്യോമസേന മേധാവികളുടെയും പേരുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫിന്‍മെക്കാനിക്ക അഗസ്ത വെസ്റ്റ്ലാന്‍റ് ഉന്നതര്‍ റെക്കോഡ് സംഭാഷണത്തില്‍ എസ്.പി ത്യാഗിയുടെ സഹോദരന്മാര്‍ക്ക് തുക കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടെന്ന് പറയുന്നുണ്ട് ഇറ്റാലിയന്‍ കോടതി.

ആരാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍

ഹെലിക്കോപ്റ്റര്‍ ഇടപാടിലെ യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍. ഇന്ത്യന്‍ രാഷ്ട്രീയക്കാരുമായും, വ്യോമസേന ഉദ്യോഗസ്ഥരുമായി മുഖ്യ ഇടനിലക്കാരായ കാര്‍ലോ ജെറോസ, ഗൂഡോ റാള്‍ഫ് ഹാഷ് എന്നിവരെ ബന്ധിപ്പിച്ചത് ഇയാളാണ്. ഇയാളുടെ ഇടപെടല്‍ മൂലം അഗസ്ത വെസ്റ്റ്ലാന്‍റിന് നാവിക സേനയ്ക്ക് അനുബന്ധ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കരാര്‍ ലഭിച്ചുവെന്നും പറയപ്പെടുന്നു.

ത്യാഗിക്ക് എതിരെ വലിയ തെളിവുകള്‍, മറ്റു പേരുകള്‍

എസ്.പി ത്യാഗി വ്യോമസേനയുടെ നിലവില്‍ ഉള്ള നിബന്ധനകള്‍ മറികടന്ന് അഗസ്ത വെസ്റ്റ്ലാന്‍റുമായി കരാര്‍ ഏര്‍പ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്. 225 പേജുള്ള ഇറ്റാലിയന്‍ കോടതി ഉത്തരവില്‍ 17 പേജ് ത്യാഗിയുടെ കരാറിലെ ഇടപാടാണെന്നാണ് റിപ്പോര്‍ട്ട്. അഗസ്ത വെസ്റ്റ്ലാന്‍റ് ത്യാഗിയുടെ കുടുംബത്തിന് 220 കോടിയാണ് ചിലവാക്കിയത് എന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഗൂഡോ റാള്‍ഫ് ഹാഷയുടെ നോട്ടില്‍ കണ്ട ‘POL’, ‘AP’ , 'FAM' എന്നീ പേരുകള്‍ സോണിയ, അഹമ്മദ് പട്ടേല്‍, ത്യാഗിയുടെ കുടുംബം എന്നിവയെ ആണ് ഉദ്ദേശിക്കുന്നത് എന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണം.

ആരോപണം വന്നപ്പോള്‍ യുപിഎ സര്‍ക്കാര്‍ ചെയ്തത്

യുപിഎ സര്‍ക്കാര്‍ കാലത്താണ് 2014 ജനുവരിയില്‍ ഫിന്‍മെക്കാനിക്ക അഗസ്ത വെസ്റ്റ്ലാന്‍റ് ഉന്നതര്‍ ഗ്ലുസ്പീ ഒറാസീ, ബ്രൂണോ സ്പ്ലെഗോണി എന്നിവര്‍ അറസ്റ്റിലാകുന്നത്, ഇതോടെ യുപിഎ സര്‍ക്കാര്‍ കരാര്‍ പിന്‍വലിച്ചു.

കരാറിനെക്കുറിച്ച് സിഎജി പറയുന്നത്

ആഗസ്ത് 2013 ല്‍ ഇത് സംബന്ധിച്ച് ഒരു സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സാങ്കേതികമായും, പ്രത്യേകതകളും സംബന്ധിച്ച് ഒരു ഹെലിക്കോപ്റ്റര്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ അടങ്ങിയ ഓഡര്‍ 2006 ല്‍ കേന്ദ്രം ഇറക്കിയിരുന്നു. ഇത് അഗസ്ത വെസ്റ്റ്ലാന്‍റിന് വേണ്ടി തിരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു. ഏയര്‍ഫോഴ്സിന്‍റെ ടെണ്ടര്‍ നിയമാവലിയിലും ഈ കരാറിനായി മാറ്റം വരുത്തിയെന്ന് സിഎജി പറയുന്നു. ഇറ്റാലിയന്‍ കോടതി വിധിയിലും ഇത് പറയുന്നു എന്നാണ് റിപ്പോര്‍ട്ട്.

സോണിയാഗാന്ധിയുടെ റോള്‍?

സോണിയയുടെ റോള്‍ സംബന്ധിച്ച് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണമാണ് പ്രധാനമായും ഉള്ളത്, ഇറ്റാലിയന്‍ കോടതിയുടെ ഉത്തരവില്‍ 193 പേജില്‍ 'മാഡം ഗാന്ധി' എന്ന പേരില്‍ സോണിയുടെ പേര് വിവരിക്കുന്നു എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. എംകെ നാരായണന്‍, മന്‍മോഹന്‍ സിംഗ് എന്നിവരുടെ പേരും വിവരിക്കുന്നു എന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.

അന്വേഷണങ്ങള്‍ എവിടെ വരെ?

ഏപ്രില്‍ 8, 2016നാണ് ഇറ്റലിയിലെ മിലാന്‍ കോടതി കേസില്‍ വിധി പുറപ്പെടുവിച്ചത്. ആദ്യഘട്ടത്തില്‍ കീഴ്ക്കോടതി കേസ് തെളിവില്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. അതിനിടയില്‍ ഇന്ത്യയിലെ അന്വേഷണം പരിശോധിച്ചാല്‍ എസ്പി ത്യാഗിക്ക് എതിരെ സിബിഐ കേസ് ഫയല്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ അടിയന്തരമായി പുരോഗതി റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റ്യന്‍  മൈക്കളിനെ ഇതുവരെ പിടിക്കാന്‍ കഴിയാത്തതും, ഇറ്റലിയില്‍ നിന്നും രേഖകള്‍ ലഭിക്കാത്തതും കേസില്‍ സിബിഐക്ക് കാര്യമായ പുരോഗതി ഉണ്ടാക്കുവാന്‍ സിബിഐക്ക് തടസമാകുന്നു എന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്.

കടപ്പാട്- Asianet Newsable

click me!