സർക്കാർ സ്കൂൾ അധ്യാപക ദമ്പതികളുടെ മൂത്ത മകളാണ് നന്ദിനി. 2021ലാണ് നന്ദിനിയുടെ പിതാവ് എസ് മഹാബലേശ്വർ മരിക്കുന്നത്
ബെംഗളൂരു: പിതാവിന്റെ മരണത്തിന് പിന്നാലെ മൂത്ത മകളെന്ന നിലയിൽ ലഭിച്ച സർക്കാർ ജോലിയോട് താൽപര്യമില്ല. അഭിനയം തുടരാനുള്ള ആഗ്രഹത്തിന് എതിർപ്പുമായി ഉറ്റവർ. ഒടുവിൽ പിജി മുറിയിൽ ജീവനൊടുക്കിയത് കന്നട ടെലിവിഷൻ സീരിയലുകളിലെ പ്രിയ നടി. കന്നട സീരിയൽ നടി സിഎം നന്ദിനിയെ ആണ് തിങ്കളാഴ്ച കെങ്കേരിയിലെ പിജി മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അഭിനയം ഉപേക്ഷിച്ച് സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള വീട്ടുകാരുടെ സമ്മർദ്ദം വ്യക്തമാക്കുന്നതായിരുന്നു നന്ദിനിയുടെ ഡയറിയിലെ കുറിപ്പുകൾ. സർക്കാർ സ്കൂൾ അധ്യാപക ദമ്പതികളുടെ മൂത്ത മകളാണ് നന്ദിനി. 2021ലാണ് നന്ദിനിയുടെ പിതാവ് എസ് മഹാബലേശ്വർ മരിക്കുന്നത്. സർക്കാർ സർവീസിൽ ഇരിക്കെയായിരുന്നു മഹാബലേശ്വർ മരിക്കുന്നത്. വിജയനഗര ജില്ലയിലെ കോട്ടുരുവിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്നു നന്ദിനിയുടെ അമ്മ ജി ആർ ബാസവ രാജേശ്വരി. പിതാവിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിലെ അംഗത്തിന് താലൂക്ക് ഓഫീസിൽ ജോലിക്ക് അർഹത ലഭിച്ചിരുന്നു. എന്നാൽ ബിഇ പഠനം പാതി വഴിയിൽ നിർത്തി മുഴുവൻ സമയ അഭിനയത്തിലേക്ക് ശ്രദ്ധ തിരിച്ചതിനാൽ സർക്കാർ ജോലിയോട് താൽപര്യമില്ലെന്ന് 26കാരിയായ നടി വിശദമാക്കിയിരുന്നു.
വീട്ടിൽ നിന്ന് എതിർപ്പ് ശക്തമായതോടെ നടി 2025 ഓഗസ്റ്റിൽ കെങ്കേരിയിലെ പിജിയിലേക്ക് താമസം മാറുകയായിരുന്നു. മകളുടെ കരിയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മറ്റാർക്കും ആത്മഹത്യയിൽ പങ്കില്ലെന്നുമാണ് നടിയുടെ അമ്മ ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. 2018ൽ ബല്ലാരിയിൽ നിന്നും പിയുസി വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ് നന്ദിനി. പിന്നീട് എൻജിനീയറിങ് കോഴ്‌സിന് ചേർന്നു. എന്നാൽ അഭിനയത്തോടുള്ള താൽപര്യം കാരണം രാജരാജേശ്വരി നഗറിൽ അഭിനയ പരിശീലനം നേടുകയായിരുന്നു. 2019മുതൽ, നിരവധി കന്നഡ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച നന്ദിനി ബെംഗളൂരുവിലായിരുന്നു ആദ്യം താമസിച്ചിരിക്കുന്നത്.
ഡിസംബർ 28ന് വൈകുന്നേരം നന്ദിനി തന്റെ സുഹൃത്തായ പുനീതിൻ്റെ വീട്ടിലെത്തിയിരുന്നു. രാത്രി 11:23 മണിയോടെ പിജിയിൽ തിരിച്ചെത്തി. പിന്നീട് പുനീത് പലതവണ നന്ദിനിയെ ഫോൺ വിളിച്ചെങ്കിലും കോൾ എടുത്തിരുന്നില്ല. ഇതോടെ രാത്രി 11.50ന് പുനീത് പിജി മാനേജർ കുമാറിനെയും ഇൻചാർജ് കിരണിനെയും വിവരമറിയിച്ചു. ഇവർ വന്ന് വാതിൽ ഇടിച്ച് തുറന്ന് അകത്തു കയറിപ്പോൾ കണ്ടത് ജനൽ ഗ്രില്ലിൽ ആത്മഹത്യ ചെയ്ത നന്ദിനിയെ ആയിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


