
കോട്ടയം: സി പി എം കോട്ടയം ജില്ലാ സമ്മേളനത്തിനായി കൊണ്ടുവന്ന ഈറ്റ അടിമാലിയിൽ വനം വകുപ്പ് പിടിച്ചെടുത്തു. ഈറ്റ വിട്ട് തരണമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ വനം മന്ത്രിയെ നേരിട്ട് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. അടിമാലി റെയ്ഞ്ച് ഓഫീസിൽ കിടക്കുന്ന ഈറ്റകൾക്ക് ഇടത് മുന്നണിയിലെ രണ്ട് കക്ഷികൾ തമ്മിലുള്ള തർക്കത്തിന്റെ കഥയാണ് പറയാനുള്ളത്. സിപിഎം ജില്ലാ സമ്മേളനത്തിനായി 30,000 ഈറ്റത്തടികളാണ് അടിമാലിയിൽ നിന്ന് കൊണ്ടുവന്നത്.
ഈറ്റത്തടികൾ കയറ്റിയ ലോറി നേരിയമംഗലത്തെത്തിയപ്പോൾ വനംവകുപ്പ് തടഞ്ഞു. രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിനിടെ സിപിഎം ജില്ലാ നേതാക്കൾ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. കേസ് എടുക്കണമെന്നാണ് നിർദ്ദേശമെന്നായിരുന്നു മറുപടി തുടർന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ വനം മന്ത്രി കെ രാജുവുമായി ബന്ധപ്പെട്ടേങ്കിലും ഈറ്റ വിട്ട് തരാൻ കഴിയില്ലെന്നായിരുന്നു നിലപാട്.
തുടർന്ന് വാഹനം വനം വകുപ്പ് അധികൃതർ അടിമാലി റെയ്ഞ്ച് ഓഫീസിന് ഈറ്റ കൈമാറി. വനത്തിൽ നിന്ന് അനധികൃതമായി ഈറ്റ മുറിച്ചതിന് കേസ് എടുത്ത ശേഷം ലോറിയും ഡ്രൈവറേയും വിട്ടു. ഈറ്റ ഇപ്പോൾ അടിമാലി റെയ്ഞ്ച് ഓഫീസിൽ കിടക്കുകയാണ്. മനപൂർവ്വം ആരോ ഒറ്റ് കൊടുത്തതാണെന്ന സി പി എം കോട്ടയം ജില്ലാ നേത്യത്വം വിശ്വസിക്കുന്നു.ഇടുക്കിയിൽ സിപിഎം സിപിഐ തർക്കം രൂക്ഷമായിരിക്കെയാണ് ഈ സംഭവം.
എന്നാൽ പ്രത്യേക പാസുള്ളവർക്കാണ് ഈറ്റ മുറിക്കാൻ അനുമതിയെന്നും അതില്ലാത്തതിനാലാണ് കേസെടുത്തതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഒടുവിൽ മണിമലയിൽ നിന്നും ഈറ്റ കൊണ്ടുവന്നാണ് ജില്ലാ സമ്മേളനത്തിനായി കൊടികൾ കെട്ടിയത്. സംഭവത്തെക്കുറിച്ച് പരസ്യപ്രതികരണത്തിന് സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam