പിഎസ്‍സി പരീക്ഷയില്‍ പരിശീലന കേന്ദ്രത്തിന്‍റെ ഗെെഡിലെ ചോദ്യങ്ങള്‍; വിവാദം

By Web TeamFirst Published Jan 27, 2019, 11:30 PM IST
Highlights

ആകെയുള്ള നൂറ് ചോദ്യങ്ങളിൽ 80 എണ്ണവും തിരുവനന്തപുരത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗൈഡിൽ നിന്നുള്ള പകർപ്പാണെന്നാണ് ആക്ഷേപം. പിഎസ്‍സി ചോദ്യപേപ്പർ തയ്യാറാക്കുന്നവരുമായി ഇൻസ്റ്റിറ്റ്യൂട്ടിന് ബന്ധമുണ്ടെന്ന ആരോപണവുമായി പരീക്ഷാർഥികൾ ചെയർമാനെ നേരിൽ കണ്ട് പരാതി ഉന്നയിച്ചു

തൃശൂർ: പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തിക പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ പരിശീലന കേന്ദ്രം വിതരണം ചെയ്ത ഗൈഡിൽ നിന്നെന്ന് ആരോപണം. ആകെയുള്ള നൂറ് ചോദ്യങ്ങളിൽ 80 എണ്ണവും തിരുവനന്തപുരത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗൈഡിൽ നിന്നുള്ള പകർപ്പാണെന്നാണ് ആക്ഷേപം.

പിഎസ്‍സി ചോദ്യപേപ്പർ തയ്യാറാക്കുന്നവരുമായി ഇൻസ്റ്റിറ്റ്യൂട്ടിന് ബന്ധമുണ്ടെന്ന ആരോപണവുമായി പരീക്ഷാർഥികൾ ചെയർമാനെ നേരിൽ കണ്ട് പരാതി ഉന്നയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്നും പരീക്ഷാർത്ഥികൾ അറിയിച്ചു. 1,600 ഓളം പേരാണ് ഇക്കഴിഞ്ഞ 22ന് നടന്ന അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയത്.

രണ്ട് തസ്തികയിലേക്കാണ് വിജ്ഞാപനം വന്നതെങ്കിലും 35 ഓളം ഒഴിവുകളിലേക്ക് ഇതിൽ നിന്നായി നിയമനങ്ങൾ വന്നേക്കും. യൂണിവേഴ്സൽ ലോ പബ്ളിഷിങ് എന്ന പുസ്തക കമ്പനി പ്രസിദ്ധീകരിച്ച യൂണിവേഴ്സൽ, മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ഫോർ ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ എന്ന പുസ്തകത്തിൽ നിന്നുള്ള നിയമ സംബന്ധമായ 80 ചോദ്യങ്ങൾ സീരിയൽ നമ്പരുകൾ പോലും തിരുത്താതെ അതേ പടി ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.

100 ചോദ്യങ്ങളുള്ള പേപ്പറിൽ ജനറൽ ഇംഗ്ലീഷും ജനറൽ നോളജും കേരള നവോത്ഥാനവും ഉൾപ്പെടെയുള്ള 20 ചോദ്യങ്ങൾ ഒഴികെയുള്ള മുഴുവൻ ചോദ്യങ്ങളും ഇതിൽ നിന്നുള്ളതാണെന്നാണ് തെളിവുകൾ നിരത്തി ഇവർ വിവരിക്കുന്നത്. നേരത്തെ തന്നെ ഈ പുസ്തകത്തിലെ ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന പേജുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ എറണാകുളം, തിരുവനന്തപുരം മേഖലകളിൽ നിന്നുള്ള പരീക്ഷാർഥികളിലുമെത്തിയിരുന്നു.

പക്ഷെ, അന്ന് അതാരും കാര്യമാക്കിയില്ല. നിയമപരമായ ചോദ്യങ്ങൾ മുഴുവൻ ഈ ഗൈഡിൽ നിന്നും വന്നത് ആസൂത്രിതമാണെന്നാണ് പരീക്ഷാർഥികളുടെ ആരോപണം. ചോദ്യങ്ങൾ തയ്യാറാക്കിയവരിൽ സ്വകാര്യ കമ്പനിയുമായി ബന്ധമുണ്ടെന്നും അഴിമതിയുണ്ടെന്നും പരീക്ഷാർത്ഥികൾ കുറ്റപ്പെടുത്തുന്നു.

ഈ പാനലിൽ ഉൾപ്പെട്ടവരെ ഒഴിവാക്കിയും നേരത്തെ നടത്തിയ പരീക്ഷ റദ്ദാക്കിയും പുതിയത് നടത്തണമെന്നാണ് ആവശ്യം. ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. 2012ലും സമാനമായി ഒരേ പുസ്തകത്തിൽ നിന്ന് 40 ചോദ്യങ്ങൾ വന്നത് ഏറെ വിവാദമായിരുന്നു. അന്ന് പരീക്ഷാർത്ഥികളുടെ പരാതിയെ തുടർന്ന് കോടതി ഇടപെടുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തിക്കുകയും ചെയ്തിരുന്നു. 

click me!