നെടുങ്കാട് അടക്കം വാര്‍ഡുകളിൽ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവര്‍ത്തനം പോരെന്ന അടക്കം പറച്ചിൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തീപാറും പോരാട്ടത്തിനിടെ തലസ്ഥാന സിപിഎമ്മിൽ പൊട്ടിത്തറി. വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിലെ വാഗ്വാദവും പോര്‍വിളിയുമുണ്ടായി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിലായിരുന്നു തർക്കങ്ങളത്രയും നഗരപരിധിയിലെ നെടുങ്കാട് അടക്കം വാര്‍ഡുകളിൽ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവര്‍ത്തനം പോരെന്ന അടക്കം പറച്ചിൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി. അത് ജില്ലാ കമ്മിറ്റിയിൽ റിപ്പോര്‍ട്ട് ചെയ്ത സെക്രട്ടറി വി ജോയി ഒരുകട്ടക്ക് കയറ്റി പിടിച്ചു. ചുമതല ഏൽപ്പിച്ചവര്‍ അത് നിര്‍വ്വഹിക്കാത്തത് കഷ്ടമാണെന്ന് ജോയ് പറഞ്ഞ് നിര്‍ത്തിയ ഉടനെ കമ്മിറ്റിയിൽ കരമന ഹരി എഴുന്നേറ്റു. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പാര്‍ട്ടി ഇതര പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടു നിൽക്കുന്ന കാലത്ത് തലസ്ഥാനത്ത് സിപിഎമ്മിന് വേണ്ടി വിയര്‍പ്പൊഴുക്കിയതിന്‍റെ കണക്കെണ്ണിപ്പറഞ്ഞ് ക്ഷോഭിച്ചു. പലപ്പോഴും അത് വി ജോയിക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങൾ കൂടിയായി. എല്ലാം കേട്ട എംവി ഗോവിന്ദൻ മിണ്ടാതിരുന്നു.
വിമര്‍ശനം ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടിൽ വി ജോയി ലഘൂകരിച്ചെങ്കിലും പാര്‍ട്ടിക്കകത്ത് പ്രശ്നം നീറുന്നുണ്ട്. തൊട്ടുമുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനങ്ങളോട് കടകംപള്ളി സുരേന്ദ്രനും അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ചെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഇടപെടലും വിമത സാന്നിധ്യവുമൊക്കെയായിരുന്നു കടകംപള്ളിക്കെതിരായ കുറ്റപത്രം. ജില്ലാ സെക്രട്ടറിയായ നാളുമുതൽ രാഷ്ട്രീയമായി തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന കടകംപള്ളിയുടെ മറുവാദം ജില്ലാ സെക്രട്ടറിയോ സെക്രട്ടേറിയറ്റ് യോഗത്തിലിരുന്ന എംവി ഗോവിന്ദനോ ഏറ്റുപിടിക്കാൻ പോയതുമില്ല. തിരുവനന്തപുരം കോര്‍പറേഷനിൽ 45 സീറ്റ് ഉറപ്പെന്നും പത്ത് സീറ്റിൽ കനത്ത പോരാട്ടമെന്നുമാണ് പാര്‍ട്ടി കണക്ക്. വിമത സാന്നിധ്യമുള്ളിടത്തോ വിമര്‍ശനം നേരിട്ട ഇടങ്ങളിലോ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായാൽ പൊട്ടിത്തെറി അതി രൂക്ഷമാകും. തലസ്ഥാനത്തൊരു പിടി വേണം പക്ഷെ തെരഞ്ഞെടുപ്പ് കഴിയാൻ കാക്കുകയാണ് സംസ്ഥാന നേതൃത്വം


