
കൊല്ലം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രിയും മഠം ഭാരവാഹികളും തമ്മിൽ വാക്പോര്. കേന്ദ്രസർക്കാരിനെ മഠം ഭാരവാഹികൾ പുകഴ്ത്തിയപ്പോൾ സന്യാസിമാരുടെ സങ്കുചിത രാഷ്ട്രീയതാല്പര്യം ശരിയല്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ വിമർശനം. മറ്റ് അതിഥികൾക്ക് അവസരം നൽകാതെ നിലവിളക്കിന്‍റെ എല്ലാ തിരികളും സ്വയം കത്തിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പദ്ധതി ഉദ്ഘാടനം ചെയ്തു.
തീർത്ഥാടന സർക്യൂട്ടിന്‍റെ അവകാശവാദത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് ഉദ്ഘാടനവേദിയിലെ വാക്പോര്. കെടിഡിസിയെ വെട്ടി ഐടിഡിസിയെ ഏകപക്ഷീയമായി നിർവ്വഹണച്ചുമതല ഏല്പിച്ചതിലാണ് സംസ്ഥാനത്തിന്‍റെ പ്രധാനപരാതി. എന്നാൽ കേന്ദ്രത്തെ പുകഴ്ത്തിയായിരുന്നു മഠം ഭാരവാഹികളുടെ പ്രസംഗം. പിന്നാലെ സന്യാസിമാരെ കടകംപള്ളി വിമർശിച്ചു. മഠം ഭാരവാഹികൾ മറുപടിയും നൽകി.
ചടങ്ങ് തീരും മുമ്പേ കടകംപള്ളി സുരേന്ദ്രൻ വേദി വിട്ടു. വികസനത്തെ മറന്ന് കേരളത്തിൽ ഭിത്തികളാണ് ഉയരുന്നതെന്ന് കണ്ണന്താനം വിമർശിച്ചു.
നിലവിളക്കിന്‍റെ എല്ലാ തിരികളും സ്വയം തെളിയിച്ച് അൽഫോൺസ് കണ്ണന്താനം പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ കടകംപള്ളി അടക്കമുള്ള അതിഥികൾ ഈ സമയം വേദിയിലുണ്ടായിരുന്നു. എന്നാൽ ശിവഗിരി മഠം അധികാരികളുടെ അനുവാദത്തോടെയാണ് എല്ലാ തിരികളും കത്തിച്ചതെന്നും അങ്ങനെയാണ് ആചാരപ്രകാരം പതിവെന്നുമാണ് അൽഫോൺസ് കണ്ണന്താനത്തിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam