പുറമ്പോക്ക് കയ്യേറിയ റമദ റിസോർട്ടിനെ രക്ഷിക്കാൻ ജില്ലാഭരണ കൂടം ഫയൽ പൂഴ്ത്തിയത് 5 വർഷം

By Web TeamFirst Published Feb 10, 2019, 11:13 AM IST
Highlights

സബ്കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഹിയറിംഗ് നടത്താമെന്ന ഫയലിലെ തീരുമാനം അട്ടിമറിച്ചാണ് ജില്ലാ ഭരണകൂടം ധൃതിപിടിച്ച് നാളെ ഹിയറിംഗ് നടത്താന്‍ പോകുന്നത്. 

ആലപ്പുഴ: ആലപ്പുഴയില്‍ സര്‍ക്കാര്‍ പുറമ്പോക്ക് തോട് കയ്യേറി നിര്‍മ്മാണം നടത്തിയ റമദ റിസോര്‍ട്ടിനെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഒത്തുകളി. അഞ്ചുകൊല്ലം കയ്യേറ്റത്തില്‍ നടപടിയെടുക്കാതെ പൂഴ്ത്തി വെച്ച ഫയലില്‍, സബ് കലക്ടറുടെ റിപ്പോര്‍ട്ടില്ലാതെ തെളിവെടുപ്പ് നടത്താന്‍ നീക്കം. സബ്കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഹിയറിംഗ് നടത്താമെന്ന ഫയലിലെ തീരുമാനം അട്ടിമറിച്ചാണ് ജില്ലാ ഭരണകൂടം ധൃതിപിടിച്ച് നാളെ ഹിയറിംഗ് നടത്താന്‍ പോകുന്നത്. 

പുന്നമടക്കായലിനോട് ചേര്‍ന്നാണ് റമദ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്  ഈ റിസോര്‍ട്ടിന്‍റെ മതില്‍ക്കെട്ടിലൂടെ ഒഴുകുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുളള തോട് കയ്യേറി കെട്ടിടം നിര്‍മ്മിച്ചു. തീര്‍ന്നില്ല, ഫിനിഷിംഗ് പോയിന്‍റില്‍ കായലിന്‍റെ അരികിലൂടെ വഴിനടക്കാന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച കല്‍ക്കെട്ട് പൊളിച്ച് നീക്കി റിസോര്‍ട്ടിലേക്ക് തോടാക്കി മാറ്റുകയും ചെയ്തു.

2011 ല്‍ അമ്പലപ്പുഴ തഹസില്‍ദാര്‍ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. അതിനിടെ ഹൈക്കോടതിയില്‍ നിന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള ഉത്തരവും സമ്പാദിച്ചു. ഇതേ തുടര്‍ന്ന് തഹസില്‍ദാര്‍ എടുത്ത നടപടിയില്‍ ജില്ലാ കലക്ടര്‍ക്ക് 2012 ല്‍ അപ്പീല്‍ സമര്‍പ്പിച്ചു. പരാതിക്കാരന്‍ ഉള്‍പ്പടെയുള്ളവരുടെ വാദം കേട്ടശഷം 28.08.13 ന് കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതയില്ലെന്ന് തീരുമാനമെടുത്തു. 

പിന്നീടാണ് ഒത്തുകളി തുടങ്ങിയത്. എല്ലാവരും ഒറ്റക്കെട്ടായി നടപടിയെടുക്കാതെ ഫയല്‍ പൂഴ്ത്തി വെച്ചു. പിന്നീട് 2017 ല്‍ സജീവമായ ഫയലില്‍ ഹിയറിംഗിന് തീരുമാനമായി. തഹസില്‍ദാര്‍ എടുത്ത നടപടിയിലെ അപ്പീല്‍ അധികാരിയായ സബ് കലക്ടറോട് റിപ്പോര്‍ട്ട് ചോദിക്കാന്‍02.07.18 ല്‍ ഫയലില്‍ കുറിച്ചു. സബ്കലക്ടറോട് റിപ്പോര്‍ട്ട് വാങ്ങാതെ ഒരു കത്ത് അയക്കാതെ സബ്കലക്ടറിനെ അറിയിക്കാതെ ഇക്കഴിഞ്ഞ ഡിസംബര്‍‍ മാസം 21 ന് കലക്ട്രേറ്റില്‍ ഹിയറിംഗ് വെച്ചു. പട്ടയമേളയായതിനാല്‍ അന്ന് തടന്നില്ല. 2012 ലെ റമദയുടെ അപ്പീലില്‍ എന്ത് തീരുമാനമായെന്നറിയാന്‍ നിരന്തരം കല്ക്ട്രേറ്റിലേക്ക് കത്തുകളെഴുതിയ സബ്കലക്ടര്‍ ഒരു മറുപടിയും ഇന്നേവരെ കൊടുത്തില്ല. റിപ്പോര്‍ട്ട് വാങ്ങണം എന്ന് ഫയലില്‍ കുറിച്ച 02.07.18 ന് ശേഷവും രണ്ട് തവണ സബ്കലക്ടര്‍ കൃഷ്ണ തേജ ഐഎഎസ് കലക്ട്രേറ്റിലേക്ക് അപ്പീലില്‍ എന്ത് നടപടിയായി എന്നറിയാന്‍ കത്തുനല്‍കി. ഒടുവില്‍ നാളെ ആലപ്പുഴ കലക്ട്രേറ്റില്‍ സബ്കലക്ടറുടെ റിപ്പോര്‍ട്ടില്ലാതെ ഹിയറിംഗ് നടക്കാന്‍ പോവുകയാണ്.

റമദ റിസോര്‍ട്ടിന്‍റെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നിരന്തരം ഇടപെട്ട ആലപ്പുഴ സബ്കലക്ടറുടെ റിപ്പോര്‍ട്ടില്ലാത ഹിയറിംഗ് ധൃതിയില്‍ നടത്തിത്തീര്‍ക്കാന്‍ ആര്‍ക്കാണ് ഇത്ര താല്‍പര്യം. 2013 ല്‍ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തു. റമദയുടെ കയ്യേറ്റം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ബാക്കിയാവുന്നത്.
 

click me!